ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെ; കുറ്റം സമ്മതിച്ചു

ആലപ്പുഴ: ഒന്നര വയസ്സുള്ള കുഞ്ഞിനെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചായും പൊലീസ് പറഞ്ഞു. ചേര്‍ത്തല പട്ടണക്കാട് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണു കഴിഞ്ഞ ദിവസം മരിച്ചത്.

കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ ആതിര പൊലീസിനോടു സമ്മതിച്ചു. ആതിരയെ പട്ടണക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് ശ്വാസംമുട്ടിയുള്ള മരണമാണെന്നു സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ സംസ്‌കാരത്തിനു ശേഷമാണ് ആതിരയെ കസ്റ്റഡിയിലെടുത്തത്. മുമ്പും ചില കേസുകളില്‍ ആതിര പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെയാണു വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവും നാട്ടുകാരും ചേര്‍ന്നു ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലം രക്ഷിക്കാനായില്ല. ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണു പൊലീസ് സ്ഥലത്തെത്തിയത്. കുട്ടിയുടെ മേല്‍ച്ചുണ്ടിന്റെ ഇടതുഭാഗത്തു മുറിപ്പാടൊഴികെ മറ്റു മുറിവുകളൊന്നും ശരീരത്തിലില്ല.

SHARE