മക്കളെ വിഷം നല്‍കി കൊന്നു കാമുകനൊപ്പം കേരളത്തിലേക്ക് കടക്കുന്നതിനിടെ യുവതി പിടിയില്‍

ചെന്നൈ: മക്കളെ വിഷം നല്‍കി കൊന്നു കാമുകനൊപ്പം കേരളത്തിലേക്ക് കടക്കുന്നതിനിടെ യുവതി പിടിയില്‍. തമിഴ്‌നാട്ടിലെ കുണ്ട്രത്തൂരിലെ താമസക്കാരി അഭിരാമിയാണ് കാമുകന്‍ സുന്ദരത്തിനൊപ്പം കേരളത്തിലേക്ക് കടക്കുന്നതിനിടെ പിടിയിലായത്. കാമുകന്‍ സുന്ദരവും പൊലീസ് പിടിയിലാണ്. രണ്ട് കുട്ടികളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതിനാണ് സുന്ദരത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

അഭിരാമിയുടെ ഭര്‍ത്താവ് വിജയ് സ്വകാര്യ ബാങ്ക് ജീവനക്കാരാണ്. ഇരുവരും എട്ട് വര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. അടുത്തകാലത്താണ് കുണ്ട്രത്തൂരിലെ അഗസ്തീശ്വര്‍ കോവില്‍ സ്ട്രീറ്റിലേക്ക് മാറിയത്. ഇരുവര്‍ക്കുമിടയില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
ഇതിനിടെ വീടിന് സമീപത്തെ ബിരിയാണി കടയിലെ സുന്ദരവുമായി അഭിരാമി അടുത്തു. കടുത്ത പ്രണയത്തിലേക്ക് മാറുകയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.ഇതിന്റെ ഭാഗമായാണ് ഭര്‍ത്താവിനെയും കുട്ടികളെയും കൊല്ലാന്‍ പദ്ധതിയിട്ടത്.

വെള്ളിയാഴ്ച്ച രാത്രി അഭിരാമി വിഷവുമായി കാത്തുനിന്നു. ബാങ്കിലെ തിരക്കുകാരണം വിജയ് വരാന്‍ വൈകുമെന്നറിയിച്ചു. തുടര്‍ന്ന് മക്കള്‍ക്ക് പാലില്‍ വിഷം കലര്‍ത്തി നല്‍കി ശേഷം വീടുവിട്ടിറങ്ങി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുന്നതാണ് വിജയ് കണ്ടത്. വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറിയപ്പോള്‍ കിടക്കയില്‍ കിടന്നുറങ്ങുന്ന കുട്ടികളെ കാണുകയായിരുന്നു. ഇരുവരുടെയും വായില്‍ നിന്നും നുരയും പതയും പുറത്ത് വന്നിരുന്നു. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.എഴ്, അഞ്ച് വയസ്സായിരുന്നു മക്കള്‍ക്ക്.

മോബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ നാഗര്‍ കോവിലിലെ ലോഡ്ജില്‍ നിന്നും അഭിരാമിയെ പൊലീസ് പിടികൂടിയത്. അന്വേഷണ സംഘം ചെന്നൈയില്‍ വെച്ച് കാമുകന്‍ സുന്ദരത്തെയും അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ തങ്ങിയ സുന്ദരത്തിന് അന്വേഷണമടക്കമുള്ള കാര്യങ്ങള്‍ അറിഞ്ഞശേഷം അഭിരാമിക്കൊപ്പം ചേരുകയെന്നതായിരുന്നു ലക്ഷ്യം. കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞ ശേഷം കേരളത്തിലേക്ക് കടന്ന് സ്ഥിരതാമസമാക്കാനുമായിരുന്നു ഇരുവരുടെയും പദ്ധതി.