പട്ടിണി കിടന്ന് അമ്മ മരിച്ചു; വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച് കുഞ്ഞ്

മുസാഫര്‍പൂര്‍: ബിഹാറിലെ മുസഫര്‍പൂരില്‍ പട്ടിണി കിടന്ന് മരിച്ച യുവതി മരിച്ചു. അമ്മ മരിച്ചതറിയാതൈ സാരിയില്‍ പിടിച്ച് വലിച്ച് വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുരുന്നിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത് കണ്ണീരണിയിക്കുന്ന ദൃശ്യങ്ങളായി. റെയില്‍വേ സ്‌റ്റേഷനിലാണ് അമ്മ മരിച്ചുകിടക്കുന്നത്.

അതിഥി തൊഴിലാളിയായ ഈ സ്ത്രീയുടെ ശരീരം മൂടിയിരിക്കുന്ന തുണി പിടിച്ചുവലിച്ചാണ് ആ കുഞ്ഞ് അമ്മയെ ഉണര്‍ത്താന്‍ നോക്കുന്നത്. ചൂടും വിശപ്പും നിര്‍ജ്ജലീകരണവും സഹിക്കാനാവാതെയാണ് അവര്‍ മരണപ്പെട്ടത്. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശയായിരുന്നു സ്ത്രീയെന്ന് അവളുടെ കുടുംബം പറയുന്നു.

ഞായറാഴ്ച ഗുജറാത്തില്‍ നിന്നാണ് ഇവര്‍ ട്രെയിന്‍ കയറിയത്. തിങ്കളാഴ്ചയോടെ ട്രെയിന്‍ മുസഫര്‍നഗറിലെത്തി. അവിടെ വച്ച് സ്ത്രീ കുഴഞ്ഞുവീണു. പട്ടിണി കിടന്നും ചൂടുസഹിക്കാതെയും ഇതേ സ്‌റ്റേഷനില്‍ വച്ച് രണ്ട് വയസ്സുള്ള കുഞ്ഞും മരിച്ചിരുന്നു. അവര്‍ സ്‌റ്റേഷനില്‍ വീണതോടെ അമ്മയെ തൊട്ടുംതലോടിയും അവരുടെ മകന്‍ കളിക്കാന്‍ തുടങ്ങി. പിന്നെ അമ്മയെ വിളിച്ചുണര്‍ത്താനായി ശ്രമം. മുതിര്‍ന്ന കുട്ടി അവനെ പിടിച്ചുകൊണ്ടുപോകുന്നതുവരെ അവന്‍ ഇത് തുടരുകയായിരുന്നു.

SHARE