കാബേജിനകത്ത് പാമ്പ്; ഭക്ഷണം കഴിച്ച വീട്ടമ്മയും മകളും ആസ്പത്രിയില്‍

ഭോപാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കാബേജിനകത്ത് പാമ്പ് കയറിയത് അറിയാതെ പാകം ചെയ്ത് കഴിച്ച വീട്ടമ്മയും മകളും ആസ്പത്രിയില്‍. അഫ്‌സാന്‍ ഇമാം (36), മകള്‍ 15 വയസ്സുകാരി അമാന എന്നിവരെയാണ് വ്യാഴാഴ്ച രാത്രി ഇന്‍ഡോറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ കാബേജ് പാകം ചെയ്ത് കഴിച്ചതിനു പിന്നാലെയാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് അഫ്‌സാന്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ഭക്ഷണം പരിശോധിച്ചപ്പോഴാണ് ചെറിയ പാമ്പിന്റെ ശരീര ഭാഗങ്ങള്‍ കാബേജിനകത്ത് കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ഇരുവരേയും ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. ഇരുവര്‍ക്കും ശക്തമായ ഛര്‍ദ്ദി അനുഭവപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം പാമ്പിന്റെ വിഷം രക്തത്തില്‍ കലര്‍ന്നാല്‍ അപകട സാധ്യത കൂടുതലാണെന്നും അതിനാല്‍ ഇരുവരേയും നിരീക്ഷിച്ചു വരികയാണെന്നും എം.വൈ ആസ്പത്രിയിലെ ഡോ. ധര്‍മ്മേന്ദ്ര ജാന്‍വാര്‍ അറിയിച്ചു.

SHARE