യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതിയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ അമേത്തിയില്‍ നിന്നെത്തിയ യുവതിയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയുടെ നില ഗുരുതരമാണ്. മുഖ്യമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ലോക്ഭവന്റെ മൂന്നാം ഗേറ്റിന് മുന്നിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.

പൊതു അഴുക്കുചാലിനെച്ചൊല്ലി അയല്‍വാസിയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ചാണ് യുവതിയുടെ ആത്മഹത്യ ശ്രമം. യുവതിയുടെ പരാതിയില്‍ നടപടിയെടുക്കാതിരുന്ന എസ്‌ഐയടക്കം നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.