ഏറ്റവും ക്രൂരന്മാരായ കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന ഇടം. ലോകത്തിലെ ഏറ്റവും ശപിക്കപ്പെട്ട സ്ഥലം.എന്നിങ്ങനെ വിളിപ്പേരുള്ള അമേരിക്കയിലെ ലൂസിയാനയിലുള്ള അംഗോള ജയിലിനാണ് ഇങ്ങനെയുള്ള വിശേഷണങ്ങളുള്ളത്. അമേരിക്കയിലെ ഏറ്റവും ഭയാനകമായ ജയിലാണിത്. അമേരിക്കയിലെ ഏറ്റവും വലിയ ഈ സുരക്ഷാ ജയില്‍ എത്ര വലിയ കുറ്റവാളിക്കും പേടിസ്വപ്നമാണ് അംഗോള ജയില്‍. ജയിലില്‍ നടന്നിരുന്ന അക്രമവും കഠിനമായ തൊഴില്‍ സാഹചര്യങ്ങളുമാണ് അതിനെ ലോകത്തിലെതന്നെ ഏറ്റവും ശപിക്കപ്പെട്ട ഒരു സ്ഥലമാക്കി മാറ്റിയത്.
ചരിത്ര രേഖകളില്‍ 1950 കളില്‍ 31 ജയില്‍ തടവുകാരാണ് അംഗോളയിലെ കഠിനാധ്വാനത്തിനും ക്രൂരതയ്ക്കും എതിരായി ഉപ്പൂറ്റി മുറിച്ച് പ്രതിഷേധിച്ചത്. ഭ്രാന്തമായ ഈ പ്രതിഷേധത്തെക്കുറിച്ച് കേട്ട ശേഷം, ജഡ്ജി റോബര്‍ട്ട് കെന്നന്‍ കഠിനമായ തൊഴില്‍ സാഹചര്യങ്ങള്‍ ഇല്ലാതാക്കുമെന്ന് ഉറപ്പുനല്‍കുകയും അതിനുശേഷം പ്രതിഷേധം അവസാനിക്കുകയും ചെയ്യുകയായിരുന്നു.
ലൂസിയാനയിലെ ഏറ്റവും അപകടകാരികളായ കുറ്റവാളികള്‍ എല്ലാവരും വന്നുചേരുന്നത് ഇവിടെയാണ്. ’70 കളുടെ തുടക്കത്തില്‍, ഓരോ വര്‍ഷവും ശരാശരി 12 തടവുകാരെങ്കിലും കത്തിമുനയില്‍ തീരുമായിരുന്നു. 1992ല്‍ ജയിലില്‍ 1,346 ആക്രമണങ്ങളാണ് നടന്നത്.ജീവപര്യന്തം തടവ് അനുഭവിക്കുന്ന തടവുകാരാണ് കൂടുതലും.
അംഗോളയിലെ മറ്റൊരു പ്രത്യേകത അവിടെ കുറ്റവാളികള്‍ക്കായി ഒരു ശ്മശാനവും ഉണ്ട് എന്നതാണ്. അംഗോളയില്‍ മരിക്കുന്ന തടവുകാരില്‍ പകുതിയോളം പേരെ ജയില്‍ മൈതാനത്താണ് അടക്കം ചെയ്യുന്നത്. ആ ശവപ്പെട്ടികള്‍ നിര്‍മ്മിക്കുന്നത് കുറ്റവാളികള്‍ തന്നെയാണ്. തങ്ങളുടെ മരണത്തിനായുള്ള ശവപ്പെട്ടികള്‍ സ്വയം നിര്‍മ്മിക്കുന്നവരാണവര്‍. ഇപ്പോഴും ആയിരക്കണക്കിന് തടവുകാരുടെ വാസസ്ഥലമാണിത്, അവര്‍ ഒരിക്കലും മതിലുകള്‍ക്ക് പുറത്തുള്ള ഒരു ജീവിതം സ്വപ്നം കാണാന്‍ അനുവാദമില്ലാത്തവരാണ്. ദുഷിച്ച ജീവിത സാഹചര്യത്തില്‍ സ്വയം അഴുകിത്തീരാന്‍ വിധിക്കപ്പെട്ടവരാണ് അവര്‍.