ടെല്‍അവീവ്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്വന്തം രാജ്യത്തേക്ക് കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഇസ്രയേലിന്റെ രഹസ്യനീക്കം. മറ്റു രാഷ്ട്രങ്ങള്‍ ഓര്‍ഡര്‍ ചെയ്ത മെഡിക്കല്‍ സ്റ്റോക്കുകള്‍ വരെ തങ്ങളുടെ രാജ്യത്തെത്തിക്കാനാണ് ശ്രമം. ചാരസംഘടനയായ മൊസാദാണ് ഈ ഓപറേഷന് ചുക്കാന്‍ പിടിക്കുന്നത് എന്ന് ഇസ്രയേല്‍ വാര്‍ത്താ മാദ്ധ്യമം ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
മൊസാദിന്റെ സാങ്കേതിക വിഭാഗം തലവനെ ഉദ്ധരിച്ചാണ് ചാനല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 130,000 മെഡിക്കല്‍ ഉപകരണങ്ങള്‍ എങ്ങനെയെങ്കിലും രാജ്യത്ത് എത്തിക്കണം എന്നാണ് സര്‍ക്കാര്‍ ചാരസംഘടനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ടെസ്റ്റ് കിറ്റുകള്‍, മരുന്ന്, വെന്റിലേറ്റര്‍ എന്നിവ എത്തിക്കാനാണ് നിര്‍ദ്ദേശം. ലോകമാകെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന വേളയിലാണ് മൊസാദിന്റെ ഇടപെടല്‍.
‘ജീവിതത്തില്‍ ഒരുപാട് ഓപറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സ്ങ്കീര്‍ണമായ ഓപറേഷന് ആദ്യമാണ്’ – മൊസാദ് ഉദ്യോഗസ്ഥന് ചാനലിനോട് പറഞ്ഞു. രാജ്യങ്ങള്‍ മുഴുവന്‍ ഷട്ട്ഡൗണില്‍ ആയതിനാല്‍ ആവശ്യമായ ഉപകരണങ്ങള്‍ കിട്ടുക കഠിനമേറിയ ജോലിയാണെന്ന് അദ്ദേഹം പറയുന്നു.
ഈ പോരാട്ടത്തില്‍ ജയിക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രത്യേക ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്. മറ്റുള്ളവര്‍ ഓര്‍ഡര്‍ ചെയ്ത ഉപകരണങ്ങളില്‍ കൂടി കൈ വയ്ക്കേണ്ടി വരും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെല്ലാം രാജ്യങ്ങളില്‍ നിന്നാണ് ഉപകരണങ്ങള്‍ എത്തിക്കുക എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്നാല്‍ മറ്റു രാഷ്ട്രങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഉപകരണങ്ങള്‍ രഹസ്യമായി എത്തിക്കാനുള്ള നീക്കത്തിലേക്കാണ് അദ്ദേഹം സൂചന നല്‍കിയത്.