മദീനയിലെ പ്രവാചക പള്ളിയും ജറുസലേമിലെ മസ്ജിദുല്‍ അക്‌സയും തുറന്നു

കോവിഡ് -19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് തുടങ്ങിയതോടെ വിവിധ രാജ്യങ്ങളും ആരാധനാലയങ്ങള്‍ തുറന്നു തുടങ്ങി.
സൗദി അറേബ്യയിലും ജറുസലേമിലേയും പ്രധാന പള്ളികള്‍ വീണ്ടും തുറന്നു. മദീനയിലെ പ്രവാചകന്റെ പള്ളിയായ മസ്ജിദ് അല്‍ നബവി ഇന്ന് രാവിലെ സുബ്ഹി നമസ്‌കാരത്തിനായാണ് വീണ്ടും തുറന്നത്. സാമൂഹ്യ അകലം പാലിച്ചായിരുന്നു നമസ്‌കാരം. രണ്ടു മാസത്തോളം നീണ്ട കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് പള്ളി തുറക്കുന്നത്‌

അതേസമയം നിയന്ത്രണങ്ങളോടെയാണ് പള്ളികള്‍ തുറക്കാന്‍ അനുമതിയായത്. വിശുദ്ധ മദീന മസ്ജിദുന്നബവി ഭാഗികമായാണ് പൊതുജനങ്ങള്‍ക്ക് വീണ്ടും തുറന്നുകൊടുത്തത്. പള്ളിയുടെ നവീകരിച്ച ഭാഗവും മുറ്റവുമാണ് പൊതുജനങ്ങള്‍ക്കായി തുറന്നത്. എന്നാല്‍ പള്ളിയുടെ പഴയ കെട്ടിട ഭാഗങ്ങളും റൗള ശരീഫും, പ്രവാചകന്റെ ഖബര്‍ സന്ദര്‍ശന ഭാഗവും തുറന്നുകൊടുക്കാതെ അടച്ചിടും. 40% പേര്‍ക്കു മാത്രമാണ് പ്രവേശനം. അകലം പാലിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. പള്ളികളിലെയും മുറ്റത്തേയും കാര്‍പെറ്റുകള്‍ മാറ്റിവെക്കുമെന്നും നിസ്‌കാരങ്ങളെല്ലാം മാര്‍ബിള്‍ തറയില്‍ നിര്‍വ്വഹിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മക്ക ഒഴികെയുള്ള സ്ഥലങ്ങളിലെ മിക്ക പള്ളികളും ഇന്ന് തുറന്നതായാണ് വിവരം.

Image

അതേസമയം, ജറുസലേമിലെ അല്‍-അക്‌സാ പള്ളിയും പ്രാര്‍ത്ഥനയ്ക്കായി വീണ്ടും തുറന്നു. എന്നാല്‍ മക്കയിലെ മസ്ജിദുല്‍ ഹറം ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.