അമിത് ഷാക്ക് ആരോഗ്യ പ്രശ്‌നമുണ്ടെങ്കില്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ഗൗരവ് പാണ്ഡി

എല്ലാം നടക്കുന്നത് അമിത് ഷായുടെ പ്രവര്‍ത്തനത്തിലൂടെയെന്ന് ആഭ്യന്ത്രര മന്ത്രാലയ വൃത്തങ്ങള്‍

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ ആരോപണങ്ങള്‍ വ്യാപകമായി ഉയരുന്ന സാഹചര്യത്തില്‍ സംഭവത്തിലെ സത്യാവസ്ഥ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യം. പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റും, കേണ്‍ഗ്രസിന്റെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് ആന്റ് സോഷ്യല്‍ മീഡിയ ദേശീയ കോര്‍ഡിനേറ്ററുമായ ഗൗരവ് പാണ്ഡി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ ആവശ്യവുമായി ഇപ്പോള്‍ രംഗത്തെത്തിയത്.

ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആളുകളെ അറിയിക്കാന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ്, ഗൗരവ് പാണ്ഡി ട്വീറ്റ് ചെയ്തത്.
സമീപകാല ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യം വല്ലാതെ ഹിനക്കപ്പെടുന്നതായി വ്യക്തമാക്കുന്നതായും ഇതുസംബന്ധിച്ച് ആളുകള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും, ഗൗരവ് പാണ്ഡി പറഞ്ഞു. അതേസമയം അമിത് ഷാക്ക് നല്ല ആരോഗ്യം നേരുന്നുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊറോണ വൈറസുമായി ബന്ധപ്പെട്ട മിക്ക ജോലികളും തന്റെ വസതിയിലെ ഒരു കണ്‍ട്രോള്‍ റൂമില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയും മറ്റും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൈകാര്യം ചെയ്തിരുന്നതായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇന്നലെ അമിത് ഷാ തന്റെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ തിരിച്ചെത്തുകയുമുണ്ടായി. എന്നാല്‍ അമിത് ഷായുടെ പുതിയ ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചാണ് ഗൗരവ് പാണ്ഡി ആഭ്യന്തരമന്ത്രിയുടെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ചത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ മുഖമായി നിറഞ്ഞ് നില്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നും രണ്ടാമനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എവിടെ എന്ന ചോദ്യം ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അടക്കം പലരും ഉന്നയിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം വാര്‍ത്തകളില്‍ നിറയുമ്പോള്‍ അപൂര്‍വമായി മാത്രമാണ് അമിത് ഷാ ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് അമിത് ഷാ ശരിക്കും എവിടെയാണെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ തിരിച്ചെത്തിയ ഷായുടെ കീഴില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നതായാണ് ഔദ്യോഗിക വിവരം.

Union Home Minister Amit Shah and Union Health Minister Harsh Vardhan during an interaction with doctors and representatives of IMA through video conference on 22 April 2020 | PTI via Twitter

രാവിലെ 8.30ന് ഓഫീസില്‍ എത്തുന്ന അമിത് ഷാ പാതിരാത്രി വരെ അവിടെ ജോലി ചെയ്യുകയാണ് എന്നാണ് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ പറയുന്നതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് രാവിലെ 8 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി അമിത് ഷാ ഒരു മീറ്റിംഗ് വിളിക്കുമെന്നും വിവിധ മാധ്യമങ്ങളില്‍ എങ്ങനെയൊക്കെ വാര്‍ത്തകള്‍ വന്നു എന്ന് പരിശോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു്. ശേഷം ഓഫീസിലെത്തി ഹോം സെക്രട്ടറി എകെ ബല്ലയുമായി കൂടിക്കാഴ്ച നടത്തും. ഹോം സെക്രട്ടറിയില്‍ നിന്ന് വിശദമായ ഫീഡ്ബാക്ക് തേടും. മുന്‍പോട്ടുളള പദ്ധതികളും ചര്‍ച്ച നടത്തും. തുടര്‍ന്ന് ജോയിന്റ് സെക്രട്ടറിമാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.
സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് അറിയാനുളളതാണ് ഈ യോഗം. ഏകോപനത്തില്‍ പ്രശ്നങ്ങളുണ്ടോ എന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമുണ്ടോ എന്നും അടക്കമുളള കാര്യങ്ങള്‍ പരിശോധിക്കും. ദിവസത്തിലെ തുടര്‍ന്നുളള സമയം ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനും അമിത് ഷാ ചിലവഴിക്കും എന്നും ആഭ്യന്തരമന്ത്രാലയം വൃത്തങ്ങള്‍ പറയുന്നു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ എല്ലാ ഉത്തരവുകള്‍ക്ക് പിന്നിലും അമിത് ഷായുടെ സമ്മതമുണ്ടെന്നും എല്ലാ ഫയലുകളിലും അമിത് ഷാ ഓഫീസാണ് തീരുമാനം എടുക്കുന്നതെന്നും മിക്കവാറും ദിവസങ്ങളിലും രാത്രി 12.30 വരെ അദ്ദേഹം ഓഫീസില്‍ ഉണ്ടാകാറുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടുത്തുന്നതിനുളള തീരുമാനങ്ങളെടുക്കാന്‍ അമിത് ഷാ ദിവസവും നടത്തുന്ന ചര്‍ച്ചകള്‍ വളരെ ഫലം ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സംഘത്തെ ബംഗാള്‍ പരിശോധനയ്ക്ക് അനുവദിക്കാതെ തടഞ്ഞ പ്രശ്നത്തിന് പരിഹാരമായത് അമിത് ഷായുടെ ത്വരിത ഇടപെടലിലൂടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീരുമാനങ്ങള്‍ ഉടനടി നടപ്പില്‍ വരുത്താന്‍ സെക്രട്ടറിമാരുടെ ഒരു സംഘത്തെ പ്രധാനമന്ത്രി നിയോഗിച്ചിരുന്നതായും ഹോം സെക്രട്ടറിയുമായും ക്യാബിനറ്റ് സെക്രട്ടറിയുമായും എല്ലാ കാര്യങ്ങളിലും അമിത് ഷാ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തില്‍ അമിത് ഷാ അറിയാതെ ഒന്നും നടക്കുന്നില്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.