‘ഷൂട്ടിന് വിളിച്ചുവരുത്തി കള്ളപ്പണത്തിന് എസ്‌കോര്‍ട്ട് പോകാന്‍ നിര്‍ബന്ധിച്ചു, പണവും സ്വര്‍ണവും തട്ടി’ – മോഡല്‍

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഘത്തില്‍ നിന്നും തനിക്കും ഭീഷണി നേരിട്ടതായി മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതി. ഷൂട്ടിന് പാലക്കാട്ടേക്ക് വിളിച്ചു വരുത്തി കള്ളപ്പണത്തിന് എസ്‌കോര്‍ട്ട് പോകാന്‍ നിര്‍ബന്ധിച്ചെന്ന് മോഡല്‍ ആരോപിച്ചു. എതിര്‍ത്തപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു. പണവും സ്വര്‍ണവും തട്ടിയെടുത്തു- മോഡല്‍ പറഞ്ഞു.

ആഡംബരക്കാറില്‍ കള്ളപ്പണത്തിന് എസ്‌കോട്ട് പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. നിരസിച്ചപ്പോള്‍ എട്ടു ദിവസം മുറിയില്‍ പൂട്ടിയിട്ടു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. അവിടെ എട്ടു യുവതികളാണ് തടവില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. പെണ്‍വാണിഭവും സ്വര്‍ണക്കടത്തുമായിരുന്നു പ്രതികളുടെ പ്രധാന പരിപാടി. – പരാതിക്കാരി പറഞ്ഞു. ഷംനാ കാസിമിന്റെ വാര്‍ത്ത പുറത്തുവരികയും പ്രതികളുടെ ചിത്രങ്ങള്‍ കാണുകയും ചെയ്തതോടെയാണ് തന്നെ ആക്രമിച്ച സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് മോഡല്‍ തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഷംന കാസിം

അതിനിടെ, നടിയെ ബ്ലാക്ക്മെയ്ല്‍ ചെയ്ത സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. നടിയുടെ സ്വകാര്യ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ എങ്ങനെ കിട്ടി എന്നതില്‍ അന്വേഷണം ഉണ്ടാകും.

നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഐജി വിജയ് സാഖറെ പറഞ്ഞു. പ്രശസ്തരായ നടിമാര്‍ മോഡലുകള്‍ എന്നിവരെ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നുവെന്നും ഐജി പറഞ്ഞു.

കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപികരിച്ചു. നിലവില്‍ നാല് പേരാണ് കേസില്‍ പിടിയിലായിരിക്കുന്നത്. ഇനി മൂന്ന് പേര് പിടിയില്‍ ആകാനുണ്ടെന്ന് ഐജി പറഞ്ഞു. കൊച്ചിയിലെ മോഡലിനെ കൂടാതെ ഒരു സീരിയല്‍ നടിയും തട്ടിപ്പിനിരയായിട്ടുണ്ട്. ഇവരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മരട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.