ലോക് ഡൗണിലെ അനാവശ്യയാത്രകള്‍ക്ക് പിടിവീഴും; വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇതിനോട് സഹകരിക്കാതെ അനാവശ്യയാത്ര ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പൊലീസ്. അനാവശ്യമായി തുടര്‍ച്ചയായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കും. ഒരു തവണ തിരിച്ചയച്ച ശേഷവും യാത്ര തുടര്‍ന്നാലാണ് നടപടി.

സമ്പൂര്‍ണ ലോക് ഡൗണിന്റെ രണ്ടാം ദിനവും നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഒട്ടേറെപ്പേര്‍ ഇന്നും അനാവശ്യയാത്രക്കിറങ്ങി. ഇത്തരക്കാരെ തടഞ്ഞ് തിരിച്ചയച്ചതിനൊപ്പം നൂറിലേറെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കണ്ണൂരില്‍ 69 പേരെ അറസ്റ്റ് ചെയ്തു. യാത്രക്ക് പാസ് എടുക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് കൂടുതല്‍ അവശ്യവിഭാഗങ്ങളെ ഒഴിവാക്കി പൊലീസ് ഉത്തരവിറക്കി. ഭൂരിഭാഗം പേരും കാഴ്ചകാണാനും തമാശയ്ക്കും വണ്ടിയെടുത്തിറങ്ങിയവരാണ്. ഒന്നെങ്കില്‍ പൊലീസ് നിര്‍ദേശിക്കുന്ന സത്യവാങ്മൂലം കൈവശം വയ്ക്കണം. അല്ലങ്കില്‍ അവശ്യവിഭാഗത്തിലെ ജോലിയെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കണം. ഇത് രണ്ടുമില്ലാത്തവരെ തടഞ്ഞ് തിരിച്ചയക്കും.

SHARE