രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേനയെത്തും

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രളയകെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കൂടുതല്‍ സംഘത്തെ അയക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയ കൂടുതല്‍ അംഗങ്ങളെ നിയോഗിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി പി. കെ സിങ് നിര്‍ദേശിച്ചു.

ക്യാബിനറ്റ് സെക്രട്ടറി നേരിട്ടാണ് സംഘത്തിന് നിര്‍ദേശം നല്‍കുന്നത്. കൂടുതല്‍ ബോട്ടുകള്‍, ഹെലികോപ്്റ്ററുകള്‍, ലൈഫ് ജാക്കറ്റ്, റെയിന്‍ കോട്ടുകള്‍, ബൂട്ടുകള്‍, ടവര്‍ ലൈറ്റുകള്‍ എന്നിവ നല്‍കും. ഫുഡ്പാക്കറ്റുകളും കുടിവെള്ളവും പ്രളയ ബാധിത പ്രദേശങ്ങളില്‍ എത്തിക്കാനും ക്യാബിനറ്റ് സെക്രട്ടറി നിര്‍ദേശം നല്‍കി. അടിയന്തിര സഹായമായി മരുന്നുകള്‍ എത്തിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ടെലിഫോണ്‍ സംവിധാനം തകര്‍ന്നതോടെ വി-സാറ്റ് കമ്മ്യൂണിക്കേഷന്‍ ലിങ്കുകള്‍ കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ നേവി 51 ബോട്ടുകളിലായി മുങ്ങല്‍ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ എത്തിക്കാനും ക്യാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചു. ഇന്നലെ മാത്രം 1,000 ലൈഫ് ജാക്കറ്റുകളും 1300 ബൂട്ടുകളും നല്‍കി. വിമാന മാര്‍ഗം 1600 ഫുഡ് പാക്കറ്റുകളും വിതരണം ചെയ്യും. കോസ്റ്റ് ഗാര്‍ഡ് 27 സേനകളെയാണ് വിന്യസിച്ചിരിക്കുന്നത്. രണ്ട് സംഘം പത്തനംതിട്ടയിലും ഏഴ് സംഘത്തെ ആലുവയിലും വിന്യസിച്ചു.

ഏഴ് സംഘം ആലപ്പുഴ, പറവൂരിലേക്ക് ഒരു സംഘത്തെയും അയച്ചിട്ടുണ്ട്. കോഴിക്കോട്, ചെങ്ങന്നൂര്‍, ചാലക്കുടിയിലേക്കും സംഘത്തെ അയച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 43 സുരക്ഷാ സേനകള്‍ 163 ബോട്ടുകളിയായി രക്ഷാ പ്രവര്‍ത്തനം നടത്തിവരുന്നു. കൂടുതല്‍ സേനകളും ഇന്ന് സംസ്ഥാനത്ത് എത്തും. 23 ഹെലികോപ്റ്ററുകളും 11 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളുമാണ് ദുരന്ത ബാധിത പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത്. യെലഹങ്ക, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടതല്‍ എയര്‍ക്രാഫ്റ്റുകള്‍ സംസ്ഥാനത്ത് എത്തും. പ്രളയ ബാധിത പ്രദേശത്തേക്ക് 339 മോട്ടോര്‍ ബോട്ടുകള്‍ വിന്യസിച്ചു. 2800 ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യും. 27 ലൈറ്റ് ടവറുകളും സ്ഥാപിക്കും. കൂടാതെ 72 മോട്ടോര്‍ ബോട്ടുകളും 5000 ലൈഫ് ജാക്കറ്റുകളും ഉടനെത്തിക്കാനും തീരുമാനമായി. ഒരു ലക്ഷം ഫുഡ് പാക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി. കൂടാതെ ഒരു ലക്ഷം കിറ്റുകള്‍ കൂടി എത്തിക്കും.

കുടിവെള്ളം എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തി. 1.2 ലക്ഷം വെള്ളകുപ്പികള്‍ എത്തിക്കും. കൂടാതെ 1.2 ലക്ഷം കുപ്പികള്‍ കൂടി എത്തിക്കുന്നുണ്ട്. കൂടാതെ 2.9 ലക്ഷം ലിറ്റര്‍ വെള്ളവുമായി പ്രത്യേക ട്രെയിന്‍ ഇന്ന് കായംകുളത്തെത്തും.