മോറട്ടോറിയം വേണ്ടത് പിടിപ്പുകേടിന്


മുമ്പൊരിക്കല്‍ കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ് ആ പ്രസ്താവന നടത്തിയത്: കമ്യൂണിസ്റ്റുകാര്‍ക്ക് സമരം നടത്താനല്ലാതെ ഭരണം നടത്താന്‍ അറിയില്ല. അതിനുമുമ്പും പിന്നീടും പല സന്ദര്‍ഭങ്ങളിലും ഈ വസ്തുത കേരളീയര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ‘എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകു’മെന്ന് ജനങ്ങളെ പറഞ്ഞുപറ്റിച്ച് അധികാരത്തിലേറിയ സംസ്ഥാനത്തെ ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ ഭരണതലത്തിലെ ഏകോപനമില്ലായ്മ ഒരു തവണകൂടി വ്യക്തമാക്കുന്നതാണ് കര്‍ഷരോടുള്ള സര്‍ക്കാരിന്റെ മോഹന പ്രഖ്യാപനവും അതിന്റെ നടത്തിപ്പിലെ കെടുകാര്യസ്ഥതയും. ലോക്‌സഭാതെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കുന്നതിന് നാലു ദിവസംമുമ്പ് കര്‍ഷകരുടെ രക്ഷക്കെന്നുപറഞ്ഞ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കടങ്ങളുടെ മോറട്ടോറിയത്തിന്റെ ഗതിയാണ് ഇപ്പറഞ്ഞത്.
മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് സംസ്ഥാനത്തെ കര്‍ഷകരുടെ വായ്പകളുടെ തിരിച്ചടവ് കാലാവധി 2019 ഡിസംബര്‍ 31വരെ നീട്ടിനല്‍കുന്നതിനുള്ള പദ്ധതി സുപ്രധാന തീരുമാനം എന്ന രീതിയില്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് നാളുകള്‍മാത്രം നിലനില്‍ക്കെ നടത്തിയ പ്രഖ്യാപനം വോട്ടുകള്‍ ലക്ഷ്യമിട്ടുള്ളതാണെന്ന പരാതി അന്നുതന്നെ ഉയര്‍ന്നെങ്കിലും സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ കുറക്കാന്‍ തീരുമാനം പര്യാപ്തമാകുമെന്ന തോന്നലാണ് പൊതുവില്‍ ഉണ്ടായത്. എന്നാല്‍ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥ ലോബിയും തമ്മില്‍ തട്ടിക്കളിച്ച് കര്‍ഷകരുടെ ഈ ആനൂകൂല്യത്തെ പരിഹസിക്കുന്നതാണ് പിന്നീട് കാണാനിടയായത്. ഫലമോ ഒരു മാസത്തോടടുക്കുമ്പോഴും ഇതുസംബന്ധിച്ച് സര്‍ക്കാരിനും മന്ത്രിസഭക്കും അകത്ത് ചേരിപ്പോര് രൂക്ഷമാകുകയും കര്‍ഷകര്‍ പ്രതീക്ഷയുടെ ഏഴയലത്ത് കാത്തുകിടക്കേണ്ട അവസ്ഥയുമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം ഏറെ വാദപ്രതിവാദങ്ങള്‍ക്കുശേഷം തെരഞ്ഞെടുപ്പുകമ്മീഷന്റെ അനുമതിക്കായി തീരുമാനം വിട്ടുവെങ്കിലും കമ്മീഷന്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെതന്നെ ചോദ്യം ചെയ്തിരിക്കുകയാണ്.
മഹാപ്രളയത്തിനുശേഷം തകര്‍ന്നടിഞ്ഞ കേരളത്തിന്റെ കാര്‍ഷിക രംഗത്തിന് യാതൊന്നും ചെയ്യാതിരുന്ന കര്‍ഷകരാണ് ആത്മഹത്യകളില്‍ അഭയം തേടിയത്. ഇടുക്കി, തൃശൂര്‍, വയനാട്, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നായി അമ്പതോളം കര്‍ഷകരുടെ ആത്മഹത്യകളാണ് കേള്‍ക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം വയനാട്ടില്‍ ഒരു കര്‍ഷകന്‍കൂടി സ്വയം ഹത്യനടത്തി. കാര്‍ഷികവിളകളുടെ നാശവും തളര്‍ച്ചയും ഉണ്ടായിട്ടും അതൊന്നും വായ്പകള്‍ തിരിച്ചടക്കുന്നതിന് കാരണമല്ലെന്ന കണ്ണില്‍ചോരയില്ലാത്ത നിലയാണ് ബാങ്കുകള്‍, വിശേഷിച്ച് സഹകരണ ബാങ്കുകളുള്‍പ്പെടെ സ്വീകരിച്ചത്. സര്‍ക്കാരിന്റെ ഭാഗിക നിയന്ത്രണത്തിലുണ്ടായിട്ടും സഹകരണ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും കര്‍ഷകരുടെ കണ്ണീര്‍ കണ്ടില്ലെന്ന് മാത്രമല്ല, അവരുടെ വീടുകളിലേക്ക് ജപ്തി നടപടികളുമായി കാലന്മാരെ പോലെ എത്തുകയായിരുന്നു. ഇടുക്കി ജില്ലയില്‍ ഒരു മാസത്തിനിടെ മാത്രം വിഷം കഴിച്ചും കയറിലും അഭയം തേടിയത് ആറോളം കര്‍ഷകരായിരുന്നു. പ്രളയശേഷം കോടിക്കണക്കിന് രൂപയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കര്‍ഷകരുടെ നിലവിലെ കൃഷി പോലും നിലനിര്‍ത്തുന്നതിന്‌വേണ്ട സഹായം നല്‍കാനായില്ല. കൃഷിഭവനുകളും കൃഷിവകുപ്പിന്റെ മറ്റുദ്യോഗസ്ഥരും തിരിഞ്ഞുനോക്കാതെ, ജപ്തി നോട്ടീസ് കൈപ്പറ്റിയ കര്‍ഷകര്‍ ജീവന്‍ നിലനിര്‍ത്തുന്നതിന്‌പോലും കഴിയാത്ത അവസ്ഥയിലാകുകയായിരുന്നു.
ഇതിനിടെയാണ് കര്‍ഷകരുടെയും രോഷാകുലരായ ഇതര ജനങ്ങളുടെയും കണ്ണില്‍പൊടിയിടുന്നതിനായി സര്‍ക്കാര്‍ പാഴ്ശ്രമം നടത്തിയത്. മോറട്ടോറിയത്തിന് നേരത്തെതന്നെ പ്രളയം കണക്കിലെടുത്ത് ഒക്ടോബര്‍ 11 വരെ കാലാവധി നീട്ടി നല്‍കിയിരുന്നുവെന്നാണ് ചീഫ്‌സെക്രട്ടറി ടോം ജോസ് നിലപാട് സ്വീകരിച്ചതെങ്കില്‍ എത്രയുംപെട്ടെന്ന് വോട്ടര്‍മാരെ സ്വാധീനിക്കാനായി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കണമെന്നായി റവന്യൂമന്ത്രി. സി.പി.ഐയുടെ രണ്ട് മന്ത്രിമാരും സി.പി.എമ്മിന്റെ മുഖ്യമന്ത്രിയടക്കമുള്ളവരും ഇതിന്മേല്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതല്ലാതെ നടപടികളുമായി മുന്നോട്ടുപോയില്ല. മുഖ്യമന്ത്രി ഇതിന്റെ പേരില്‍ ചീഫ് സെക്രട്ടറിയെ ചീത്തവിളിച്ചുവെന്നുപോലും വാര്‍ത്തവന്നു. ഒടുവിലാണ് തെരഞ്ഞെടുപ്പുകമ്മീഷനെ സമീപിക്കാനുള്ള തീരുമാനമുണ്ടായത്. എന്നാല്‍ ഇതും കൂനില്‍മേല്‍കുരുവായ അവസ്ഥയിലാണിപ്പോള്‍.
സര്‍ക്കാരിന്റെ നടപടിക്രമ പ്രകാരം (റൂള്‍സ് ഓഫ് ബിസിനസ് ) സംസ്ഥാന മന്ത്രിസഭയെടുത്തൊരു തീരുമാനത്തിന് 48 മണിക്കൂറിനുള്ളില്‍ ചട്ടമിറക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ദേശം മുന്നോട്ടുവെച്ച കൃഷി വകുപ്പ് അധികാരപരിധി വിട്ടതാണ് കുഴപ്പത്തിനിടയാക്കിയത്. ഇതുമൂലം മാര്‍ച്ച് എട്ടുവരെ ഫയല്‍ ചുവപ്പുനാടയില്‍ കുടുങ്ങി. അന്ന് രണ്ടാംശനിയാഴ്ചയും പിറ്റേന്ന് തെരഞ്ഞെടുപ്പുകമ്മീഷന്റെ പെരുമാറ്റച്ചട്ടവും നിലവില്‍വന്നു. പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ തന്നെയാണ് ഇത് വെളിച്ചത്താക്കിയിരിക്കുന്നത്. ഭരിക്കാന്‍ അറിയാത്ത ചിലയാളുകള്‍ അധികാര കേന്ദ്രങ്ങളില്‍ ചേക്കേറുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവിക വീഴ്ച മാത്രമാണിത്. ഇതിനുകാരണം ഇടതുപക്ഷത്തിന് വിശേഷിച്ച് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ പ്രതിബദ്ധതയില്ലായ്മയാണ്. കൊലപാതകവും സ്ത്രീ പീഡനവും മുഖമുദ്രയാക്കിയ പാര്‍ട്ടിയുടെ ആളുകള്‍ക്ക് അവയെയെല്ലാം ഒതുക്കിത്തീര്‍ക്കാന്‍ സമയം കിട്ടാതിരിക്കുമ്പോള്‍ ഭരിക്കാനും ജനങ്ങളുടെ വേദനയകറ്റാനും എവിടെയാണ് നേരം.എന്നാല്‍ ജീവിതം ഭൂമിക്കും കൃഷിക്കും നാടിനുമായി ഹോമിച്ച അന്നംതരുന്ന കര്‍ഷകരുടെ കാര്യത്തിലാണ് പിണറായി സര്‍ക്കാരിന്റെ വീഴ്ച എന്നതിനെ തെല്ലും ലാഘവബുദ്ധിയോടെ കാണാന്‍ കഴിയില്ല. കഴിഞ്ഞ ഒരാഴ്ചയായി കാര്‍ഷിക ആത്മഹത്യകളുടെ റിപ്പോര്‍ട്ടുകള്‍ വരാത്തത് കടക്കെണിയിലായ കര്‍ഷകര്‍ പുതിയ തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നുവെന്നാണ്. എന്നിട്ടും ഇതിനിടെ വയനാട്ടില്‍ പൊതുമേഖലാ ബാങ്ക് കര്‍ഷകന്റെ വീട് ജപ്തിചെയ്യാന്‍ ചെന്നുവെന്നത് ഞെട്ടലോടെയേ കാണാനാകൂ. കര്‍ഷകര്‍ക്കുവേണ്ടി ഇതര സംസ്ഥാനങ്ങളിലും ഡല്‍ഹിയിലേക്കും പ്രക്ഷോഭം നയിച്ച കൂട്ടര്‍തന്നെയാണ് സ്വന്തം ഭരണത്തില്‍ കര്‍ഷകരെ ഇവ്വിധം അവഹേളിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്നതടക്കമുള്ള സംസ്ഥാനങ്ങള്‍ കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമ്പോള്‍ മുഖംതിരിഞ്ഞുനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അതിന് കഴിയുന്നില്ലെങ്കില്‍ ഭരണത്തിന് സ്വയംമോറട്ടോറിയം പ്രഖ്യാപിക്കുന്നതാണ് ഉചിതം.

SHARE