മൂരാട് പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഇഴയുന്നു

പയ്യോളി : ദേശീയ പാതയില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ മൂരാട് പുതിയ പാലം എന്ന ആവശ്യം സാഫലമാവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഫെബ്രുവരി ആറിന് പാലംപണിക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആറുമാസം കഴിഞ്ഞിട്ടും ടെന്‍ഡര്‍ തുറന്നിട്ടില്ല. ടെന്‍ഡര്‍ തുറക്കുന്ന തീയതി എന്‍.എച്ച്.എ.ഐ. അനന്തമായി നീട്ടിക്കൊണ്ടുപോകുന്നു.

ഓഗസ്റ്റില്‍ ടെന്‍ഡര്‍ തുറക്കുമെന്നാണ് എന്‍.എച്ച്.എ.ഐ.യുടെ ഇ-ടെന്‍ഡര്‍ പോര്‍ട്ടലിലുണ്ടായിരുന്ന അറിയിപ്പെങ്കിലും ഇതും നീട്ടി. ഒക്ടോബര്‍ 11 ആണ് ടെന്‍ഡര്‍ തുറക്കുന്ന പുതിയ തീയതി. ഇത് അഞ്ചാംതവണയാണ് ടെന്‍ഡര്‍ തുറക്കുന്ന തീയതി നീട്ടിയത്. ഇതിന്റെ കാരണം എന്‍.എച്ച്.എ.ഐ. അധികൃതര്‍ക്കും അറിയില്ല. ആവശ്യത്തിന് ക്വട്ടേഷന്‍ കിട്ടിയില്ലെന്ന് പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തതയില്ല.കേരളത്തിലെ തന്നെ പ്രമുഖ നിര്‍മാണക്കമ്പനികളെല്ലാം ക്വട്ടേഷന്‍ സമര്‍പ്പിച്ചതായാണ് വിവരം.

പാലത്തിന്റെ അപകടാവസ്ഥയും ഗതാഗതക്കുരുക്കും കണക്കിലെടുത്താണ് മൂരാട് പാലത്തിന്റെ പണി പെട്ടെന്നുതന്നെ ചെയ്യാന്‍ എന്‍.എച്ച്.എ.ഐ. സമ്മതിച്ചത്. നേരത്തേ ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുമ്പോള്‍ മൂരാട് പുതിയ പാലവും നിര്‍മിക്കാമെന്നായിരുന്നു എന്‍.എച്ച്.എ.ഐ.യുടെ നിലപാട്. കേരളത്തില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായപ്പോള്‍ നിലപാടില്‍ അയവ് വരുത്തി. 2019-20 വര്‍ഷത്തില്‍ത്തന്നെ പാലംപണി തുടങ്ങുമെന്ന് കേന്ദ്രമന്ത്രി മന്‍സൂഖി മാണ്ഡവ്യ 2019 ജനുവരിയില്‍ ലോക്സഭയില്‍ അന്നത്തെ എം.പി. മുല്ലപ്പള്ളി രാമചന്ദ്രന് ഉറപ്പും നല്‍കി. മൂരാട് പാലത്തിനൊപ്പം പാലോളിപ്പാലത്തിന്റെ പ്രവൃത്തിക്കും ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.51.66 കോടി രൂപയാണ് രണ്ട് പാലങ്ങള്‍ക്കും കണക്കാക്കിയത്. മാര്‍ച്ച് 25-ന് ടെന്‍ഡര്‍ തുറക്കാനും നിശ്ചയിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഇത് നീട്ടി. പിന്നീട് മൂന്നു തവണയാണ് ടെന്‍ഡര്‍ തുറക്കുന്ന തീയതി നീട്ടിയത്. പാലം പണിതീര്‍ക്കാന്‍ 550 ദിവസമാണ് അനുവദിച്ചത്. ഒക്ടോബറില്‍ ടെന്‍ഡര്‍ തുറന്നാലും നടപടിക്രമം പൂര്‍ത്തിയാക്കി വരുമ്പോഴേക്കും പാലംപണി തുടങ്ങാന്‍ വീണ്ടും വൈകും. പാലം പണി പൂര്‍ത്തിയാകാന്‍ ഇന്നത്തെ നിലവെച്ച് രണ്ടുവര്‍ഷത്തിലേറെ സമയം വേണ്ടിവരും. ഒക്ടോബറില്‍ ടെന്‍ഡര്‍ തുറക്കുമെന്ന കാര്യത്തിലും ഉറപ്പില്ല. മൂരാട് പുതിയപാലം വേണമെന്ന ആവശ്യം ഉയര്‍ന്നത് നിലവിലുള്ള പാലത്തിന്റെ അപകടാവസ്ഥ കൂടി കണക്കാക്കിയാണ്.

SHARE