സംസ്ഥാനത്ത് ജൂണ്‍ അഞ്ചിന് കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥ കേന്ദ്രം

തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ 5നു കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണ്‍സൂണ്‍ മഴ സാധാരണ കേരളത്തില്‍ എത്തുന്ന ദിവസമായി കണക്കാക്കുന്നത് ജൂണ്‍ 1 ആണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനമനുസരിച്ച് കാലവര്‍ഷം നാലു ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ട്.

നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച അത് ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തില്‍ പറയുന്നു. 48 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിലും മഴ ലഭിക്കും. കേരളത്തില്‍ കാലവര്‍ഷം ലഭിക്കുന്നതുമായി ഇതിനു ബന്ധമില്ലെന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു.

അതേസമയം, കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെയുണ്ടാകുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റിന്റെ പ്രവചനം.മെയ് അവസാനം തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് സ്‌കൈമെറ്റിന്റെ അനുമാനം.

SHARE