ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് തൊട്ടു മുമ്പ് രാജ്യതലസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത് അപൂര്‍വ മുഹൂര്‍ത്തത്തിനായിരുന്നു. അഞ്ചു വര്‍ഷം അധികാരത്തിലിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതാദ്യമായി മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിച്ചുവെന്നതായിരുന്നു ആ സവിശേഷത.
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം വലിഞ്ഞു മുറുകിയ മുഖത്തോടെ പത്രസമ്മേളനത്തിനെത്തിയ മോദി പലപ്പോഴും താടിക്കു കൈ വെച്ച് പരാജിതന്റേതായ രീതിയില്‍ അലക്ഷ്യമായ ഇരുത്തത്തോടെ തന്റെ ശരീര ഭാഷ പ്രകടമാക്കുകയും ചെയ്തു. അമിത് ഷാ അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ് വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് ആത്മ വിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് 20 മിനിറ്റോളം സംസാരിച്ചപ്പോള്‍ പ്രധാന മന്ത്രിയുടെ ശരീര ഭാഷയില്‍ ഈ ആത്മവിശ്വാസം പ്രകടമായിരുന്നില്ല താനും.
ഷായ്ക്ക് ശേഷം ആദ്യമായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച മോദിയാവട്ടെ തന്റെ സര്‍ക്കാര്‍ പ്രാപ്തിയുള്ളതാണെന്ന് സ്ഥാപിക്കാന്‍ തെരഞ്ഞെടുപ്പും ഐ.പി.എല്ലും വിദ്യാര്‍ത്ഥികളുടെ പരീക്ഷയുമെല്ലാം ഒരുമിച്ച് നടത്താന്‍ കഴിയുമെന്ന് പറഞ്ഞു.
അഞ്ചു വര്‍ഷം ഭരിച്ച പാര്‍ട്ടി അപൂര്‍വമായെ അധികാരത്തില്‍ തിരിച്ചെത്താറുള്ളൂവെന്നും വ്യക്തമാക്കി. 2019ല്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും ആവര്‍ത്തിച്ചു. പക്ഷേ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ക്കായി തയാറായപ്പോള്‍ ഉത്തരം അമിത് ഷാ നല്‍കുമെന്ന് പറഞ്ഞ് ഒഴിയുകയും ചെയ്തു. പാര്‍ട്ടി അധ്യക്ഷനുള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തെ പിന്തുടരുകയാണ് താനെന്ന ഒഴിവു കഴിവാണ് മോദി പറഞ്ഞത്. മോദിയില്‍ നിന്നും ഉത്തരം വേണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചപ്പോള്‍ താന്‍ മറുപടി നല്‍കാമെന്നു പറഞ്ഞ് ഷാ രംഗത്തു വരികയായിരുന്നു. എല്ലാ ചോദ്യത്തിനും പ്രധാനമന്ത്രി ഉത്തരം നല്‍കേണ്ടതില്ലെന്നും ചോദ്യം അനാവശ്യമാണെന്നുമായിരുന്നു ഷായുടെ പ്രതികരണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ മോദി പലപ്പോഴും സംസാരത്തിനിടക്ക് ചിരിക്കാന്‍ ശ്രമം നടത്തിയെങ്കിലും കൃത്രിമത്വം പ്രകടമായിരുന്നു. അവസാന ദിവസം മോദി മാധ്യമ പ്രവര്‍ത്തകരെ കണ്ടത് തന്നെ ഷായുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന വാര്‍ത്തകളും ഇതിനിടക്ക് പ്രചരിക്കുന്നുണ്ടായിരുന്നു. രാവിലെ അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് അറിയിപ്പ് വന്നതെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെയാണ് മോദി മാധ്യമങ്ങളെ അഭിമുഖീകരിക്കുമെന്ന രീതിയില്‍ വാര്‍ത്തകളെത്തിയത്.
അതേ സമയം ചോദ്യങ്ങളെ നേരിടാതെ പത്ര സമ്മേളനം പൂര്‍ത്തിയാക്കി മോദി മടങ്ങിയെങ്കിലും മറുഭാഗത്ത് ഇതേ സമയം തന്നെ മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടുതല്‍ വാചാലനാവുന്ന കാഴ്ചയാണ് കണ്ടത്. ബി.ജെ.പിക്കും മോദിക്കുമെതിരെ ആഞ്ഞടിച്ച രാഹുല്‍ പ്രധാനമന്ത്രി ആദ്യമായി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത് നല്ലകാര്യമാണെന്ന് പറഞ്ഞു. ഫലം വരുന്നതിന് അഞ്ച്-ആറ് ദിവസം മുമ്പ് അമിത് ഷായേയും കൂട്ടിയാണ് വാര്‍ത്താ സമ്മേളനത്തിന് വന്നത് ഇത് അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
റഫാലില്‍ തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാത്തതെന്തെന്നും താനുമായി ചര്‍ച്ചക്ക് മോദി എന്തു കൊണ്ട് വരുന്നില്ലെന്നും രാഹുല്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെയും രാഹുല്‍ ചോദ്യം ചെയ്തു. മോദിക്കു മുന്നില്‍ 90 ശതമാനം വാതിലുകളും തങ്ങള്‍ അടച്ചതായും എതിരാളികളെ അധിക്ഷേപിച്ച് ബാക്കി 10 ശതമാനം മോദി തന്നെ കൊട്ടിയടച്ചതായും രാഹുല്‍ പറഞ്ഞു. എല്ലാ ചോദ്യങ്ങളെയും സധൈര്യം നേരിട്ട രാഹുല്‍ കൃത്യമായ മറുപടിയും നല്കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മോദി അമിത് ഷായ്ക്ക് കൈമാറിയതിനേയും കോണ്‍ഗ്രസ് പരിഹസിച്ചു.മോദിയുടെ വാര്‍ത്താ സമ്മേളനം തങ്ങള്‍ക്ക് ധൈര്യം ചോര്‍ന്നില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നതിനായി നടത്തിയ ശ്രമമായിരുന്നുവെങ്കില്‍ രാഹുലിന്റേത് എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ളതായിരുന്നു.
രാഹുലിനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ മത്സരിച്ചപ്പോള്‍ ചോദ്യങ്ങള്‍ക്ക് മുഖം കൊടുക്കാതെയുള്ള മോദിയുടെ വാര്‍ത്താ സമ്മേളനം ഫലത്തില്‍ മാധ്യമങ്ങളെ മോദിക്ക് പേടിയാണെന്ന രാഹുലിന്റെ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതായി.