മുംബൈ: പണമിടപാടുകള്‍ നിരുത്സാഹപ്പെടുത്തുന്നതിനും നികുതിവല കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി പരിഷ്കരിച്ച ടിഡിഎസ് നിയമം നിലവില്‍വന്നു. ജൂലായ് ഒന്നുമുലാണ് ഇത് പ്രാബല്യത്തിലായത്. 2019ലെ കേന്ദ്ര ബജറ്റിലാണ് 194 എന്‍ എന്ന പുതിയ വകുപ്പുകൂടി ആദായനികുതി നിയമത്തില്‍ ചേര്‍ത്തത്.
ബാങ്ക്, പോസ്റ്റ് ഓഫീസ്, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പിന്‍വലിക്കുന്ന തുകയ്ക്കാണ് ടിഡിഎസ് ബാധകം. പിന്‍വലിക്കുന്ന തുകയില്‍നിന്ന് നിശ്ചിത ശതമാനം തുക ഈടാക്കിയതിനുശേഷം ബാക്കിയുള്ളതാണ് അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുക.
ഒരു സാമ്പത്തികവര്‍ഷത്തില്‍ ഒരുകോടി രൂപയില്‍ കൂടുതല്‍ തുക പിന്‍വലിച്ചാല്‍ രണ്ടുശതമാനമാണ് ടിഡിഎസ് ഈടാക്കുക.
കഴിഞ്ഞ മൂന്നുവര്‍ഷമായി ആദായനികുതി റിട്ടേണ്‍ നല്‍കാത്തവരാണെങ്കില്‍ 20 ലക്ഷത്തിനുമുകളില്‍ പണം പിന്‍വലിച്ചാല്‍ ടിഡിഎസ് നല്‍കേണ്ടിവരും. ആദായ നികുതി റിട്ടേണ്‍ കഴിഞ്ഞ മൂന്നുവര്‍ഷം ഫയല്‍ചെയ്തവര്‍ക്കും ഒരുകോടിവരെ പിന്‍വലിച്ചാലും ടിഡിഎസ് ബാധകമല്ല.
റിട്ടേണ്‍ ഫയല്‍ ചെയ്തതിന്റെ തെളിവ് നല്കാന് ബാങ്ക് ആവശ്യപ്പെട്ടേക്കാം. ആദായ നികുതിവകുപ്പിന്റെ ഇഫയലിങ് പോര്‍ട്ടലിലെ സംവിധാനമുപയോഗിച്ച് പരിശോധിക്കാന്‍ ബാങ്കിനോട് ആവശ്യപ്പെടാം. വകുപ്പ് 194എന്‍ പ്രകാരം അതിനുള്ള കാല്‍ക്കുലേറ്റര്‍ പോട്ടലില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കില്‍ പെര്മനെന്റ് അക്കൗണ്ട് നമ്പര്‍(പാന്‍)നല്കാത്തവര് ആദായ നികുതി നിയമത്തിലെ വകുപ്പ് 206എഎ പ്രകാരം 20ശതമാനം ടിഡിഎസ് നല്‍കേണ്ടിവരും. കഴിഞ്ഞ മൂന്നുവര്‍ഷം ആദായ നികുതി റിട്ടേണ്‍ നല്കിയിട്ടില്ലെങ്കില് ഉയര്‍ന്ന നിരക്കിലുള്ള ടിഡിഎസ് ബാധകമാകും.