തിങ്കളാഴ്ച്ചത്തെ ഹര്‍ത്താല്‍: നിലപാട് വ്യക്തമാക്കി സ്വകാര്യ ബസ്സുകള്‍

തിരുവനന്തപുരം: തിങ്കളാഴ്ച(ഏപ്രില്‍ 9) നടക്കുന്ന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി അറിയിച്ചു. അന്നേദിവസം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ദിവസേനയുള്ള ഡീസല്‍ വില വര്‍ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ല. കഴിഞ്ഞ രണ്ടാം തിയ്യതിയിലെ പൊതുപണിമുടക്കിന് ശേഷം ഒരാഴ്ചക്കിടെ വീണ്ടും ഒരു ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ല. ഇക്കാരണങ്ങള്‍ കൊണ്ട് തിങ്കളാഴ്ച്ചത്തെ ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് എം.ബി സത്യനും ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബുവും പറഞ്ഞു.

സംസ്ഥാനത്ത് ഒമ്പതിനു ദളിത് ഐക്യവേദിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങള്‍ക്കുനേരേ പൊലീസ് നടത്തിയ വെടിവപ്പെിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ നടത്തുന്നതെന്ന് ഐക്യവേദി ഭാരവാഹികള്‍ അറിയിച്ചിരുന്നു. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പ് തുടങ്ങിയ അവശ്യസര്‍വീസുകളെ ഒഴിവാക്കിയിതായും അവര്‍ അറിയിച്ചു.

ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, നാഷണല്‍ ദളിത് ലിബറേഷന്‍ ഫ്രണ്ട്, ദളിത് ഹ്യൂമന്‍ റൈറ്റ് മൂവ്‌മെന്റ്, കേരള ചേരമര്‍ സംഘം, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, ബി.എസ്.പി, ഡി.സി.യു.എഫ്, കെ.ഡി.പി, പി.ആര്‍.ഡി.എസ്, എന്‍.എ.ഡി.ഒ, ഐ.ഡി.എഫ്. തുടങ്ങിയ സംഘടനകളാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്