കപ്പ് മോഹിച്ച് ബഗാന്‍ കോഴിക്കോട്ടേക്ക്

വാസ്‌ക്കോ: ഐ ലീഗ് ഫുട്‌ബോളില്‍ കിരീട സാധ്യത നിലനിര്‍ത്തി മോഹന്‍ ബഗാന്‍ 2-1ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ വീഴ്ത്തി. ജയം വഴി ബഗാന്‍ ഈസ്റ്റ് ബംഗാളിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ഒരു മല്‍സരം ബാക്കിയിരിക്കെ കിരീട സാധ്യതയും അവര്‍ക്കുണ്ട്.

കോഴിക്കോട്ട് ചൊവാഴ്ച്ച കേരളാ എഫ്.സിയുമായാണ് അവരുടെ അവസാന മല്‍സരം. ഒന്നും രണ്ടും സ്ഥാനത്തുള്ള മിനര്‍വയും നെറോക്കയും അവസാന മല്‍സരം തോല്‍ക്കുകയും ബഗാന്‍ ജയിക്കുകയും ചെയ്താല്‍ കൊല്‍ക്കത്തക്കാര്‍ക്ക് സാധ്യത അവശേഷിക്കുന്നുണ്ട്.

ബഗാനുമായുള്ള പരാജയത്തോടെ ചര്‍ച്ചില്‍ തരം താഴ്ത്തല്‍ ഭീഷണിയിലുമായി. അവസാന മല്‍സരത്തില്‍ മിനര്‍വ പഞ്ചാബിനോട് പരാജയപ്പെട്ടാല്‍ ചര്‍ച്ചില്‍ പുറത്താവും. തിലക് മൈതാനത്ത് നടന്ന മല്‍സരത്തില്‍ നിഖില്‍ കദം, അക്രം മോഹ്‌റാബി എന്നിവരാണ് ബഗാന്റെ വിജയ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്. ഒസാഗി മണ്‍ഡേ ചര്‍ച്ചിലിന്റെ ഏക ഗോള്‍ സ്‌ക്കോര്‍ ചെയ്തു.