നിങ്ങള്‍ ജനങ്ങളെ വഞ്ചിച്ചു; സഭയില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

ജനങ്ങളെ ബി.ജെ.പി വഞ്ചിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ബിജെപി നിലപാടുകള്‍ക്കെതിരെ മഹുവ വിമര്‍ശനവുമായി രംഗത്തെത്തിയത്. 137 കോടി പൗരന്മാരുള്ള രാജ്യത്ത് നിന്നും 23 കോടി വോട്ടര്‍മാരുടെ വോട്ടുകള്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് നേടാനായത്. നിങ്ങളുടെ ഇടപെടലുകള്‍ ഭരണഘടനാ അധികാരത്തെ ധിക്കരിച്ചുകൊണ്ടാണെന്ന് മഹുവ പറഞ്ഞു. എല്ലാവര്‍ക്കും വികസനം എന്ന നിങ്ങളുടെ മുദ്രാവാക്യത്തെ വിശ്വസിച്ച ജനങ്ങളെ നിങ്ങള്‍ വഞ്ചിച്ചു. വോട്ട് ചെയ്തവരുടെ പൗരത്വത്തെപ്പോലും നിങ്ങള്‍ ചോദ്യം ചെയ്യുന്നു. സര്‍ക്കാരെന്ന നിലയ്ക്ക് നിങ്ങള്‍ നിങ്ങളുടെ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല.

രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതെല്ലാം ചെയ്തു. നോട്ടുനിരോധനമെന്ന വിഡ്ഢിത്തത്തിലൂടെ സംരഭകരെ നിങ്ങള്‍ ചതിച്ചു. പ്രതിമ പണിയാന്‍ സ്ഥലമേറ്റെടുത്ത് കൊണ്ട് ഗുജറാത്തിലെ ആയിരക്കണക്കിന് ആദിവാസി വിഭാഗക്കാരെ നിങ്ങള്‍ ചതിച്ചു. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ നിങ്ങള്‍ പടച്ചുവിടുന്ന കള്ളങ്ങള്‍ ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ദേശീയപൗരത്വ നിയമമടക്കമുള്ള ബിജെപിയുടെ നിലപാടുകളെ നിശ്ശതിമായി വിമര്‍ശിച്ചുകൊണ്ടാണ് പത്ത് മിനുട്ട് നീണ്ട പ്രസംഗം മഹുവ അവസാനിപ്പിച്ചത്.

SHARE