‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ഇന്ന് ചുമതലയേല്‍ക്കും; ദിലീപിന്റെ മടങ്ങിവരവ് ചര്‍ച്ചയാവും

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് സ്ഥാനമേറ്റടുക്കുക. മാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കിയാണ് യോഗം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിനെ തുടര്‍ന്ന് അമ്മയില്‍ നിന്ന് പുറത്താക്കിയ നടന്‍ ദിലീപിനെ അമ്മയിലേക്ക് മടക്കിയെടുക്കുന്നത് യോഗത്തില്‍ ചര്‍ച്ചയാവും.

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എം.പിയും നടനുമായ ഇന്നസെന്റ് ഒഴിയുകയാണെന്ന് നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവിലെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയും ഈ സ്ഥാനമൊഴിയും. ഇടവേള ബാബുവാണ് പുതിയ ജനറല്‍ സെക്രട്ടറി. കെ.ബി.ഗണേഷ് കുമാറും മുകേഷും ആണ് വൈസ് പ്രസിഡന്റുമാര്‍. സിദ്ദീഖ് പുതിയ സെക്രട്ടറിയാവും. മുന്‍പു ട്രഷററായിരുന്ന ജഗദീഷ് ആ സ്ഥാനത്തേക്കു മടങ്ങിയെത്തും.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വനിതകളുടെ എണ്ണം നാലായി വര്‍ധിച്ചു. ശ്വേത മേനോന്‍, മുത്തുമണി, ഹണിറോസ്, രചന നാരാണന്‍ കുട്ടി, എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.