കൊച്ചി: മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസില്‍ പ്രോസിക്യൂഷന് നടപടികള്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച അപേക്ഷ നല്‍കിയത്. അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചെന്നാണ് കേസ്. കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികളാണ് പിന്‍വലിക്കാന്‍ അനുമതി തേടിയത്.
കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു, കേസ് കോടതിയുടെ അനുമതിയോടെ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ അപേക്ഷയില്‍ പറഞ്ഞിരിക്കുകയാണ്.
കേസ് പിന്‍വലിക്കുവാനായി മോഹന്‍ലാല്‍ നേരത്തെ അപേക്ഷകള്‍ നല്‍കിയിരുന്നു. 2016 ജനുവരി 31നും 2019 സെപ്തംബര്‍ 20നുമായിരുന്നു അപേക്ഷകള്‍ നല്‍കിയത്. 2019 ഓഗസ്റ്റില്‍ ചീഫ് വൈല്‍ഡ് വാര്‍ഡനും കേസ് സംബന്ധിച്ച് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് വിവരം.
2012ലാണ് തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴുവര്‍ഷത്തിനുശേഷം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
മൂന്നുപ്രാവശ്യം മോഹന്‍ലാലിന് അനുകൂലമായിട്ടായിരുന്നു വനംവകുപ്പ് നിലപാടെടുത്ത്. എന്നാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മോഹന്‍ലാലിനെതിരെ ഒടുവില്‍ വനംവകുപ്പ് ചുമത്തിയിരിക്കുന്നത്. തൊണ്ടിമുതല്‍ ഇല്ലാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.