അയോധ്യ വിഷയത്തില്‍ നീതി നിഷേധിച്ചാല്‍ മഹാഭാരതം ആവര്‍ത്തിക്കും; ഭീഷണി സ്വരവുമായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെ, ഭീഷണി സ്വരവുമായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. അയോധ്യയില്‍ എത്രയും വേഗം രാമക്ഷ്രേതം നിര്‍മ്മിക്കണമെന്നാണ് ആര്‍.എസ്.എസ് ആവശ്യമെന്നും നീതി നിഷേധിക്കപ്പെട്ടാല്‍ മഹാഭാരതം(യുദ്ധം) ആവര്‍ത്തിക്കുമെന്നും മോഹന്‍ ഭാഗവത് ഭീഷണി മുഴക്കി.

അയോധ്യയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ആര്‍.എസ്.എസ് തലവന്റെ ഭീഷണി. എപ്പോഴാണോ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പേരില്‍ നീതിയും സത്യവും നിഷേധിക്കപ്പെടുക. അപ്പോള്‍ തന്നെ അവിടെ മഹാഭാരതം ആവര്‍ത്തിക്കപ്പെടും. അത് സംഭവിക്കരുതാത്തതാണ്. പക്ഷേ സംഭവിക്കും. തടയാന്‍ ആര്‍ക്കാണ് കഴിയുക? മോഹന്‍ ഭാഗവത് പറഞ്ഞു.

നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പദവിയില്‍ നിന്നും വിരമിക്കുന്നതിന് ബാബരി മസ്ജിദ് കേസില്‍ വിധി പറയേണ്ടതുണ്ട്. എന്നാല്‍ ബാബരി മസ്ജിദ് കേസില്‍ അന്തിമവിധി ദീപക് മിശ്രയില്‍ നിന്നും ഉണ്ടായേക്കില്ല. എന്നാല്‍ വിഷയം ഭരണഘടനാ ബെഞ്ചിനു വിടണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യത്തില്‍ വിധി വന്നേക്കും. ഒക്ടോബര്‍ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുക.