ബഗാനെ പിടിച്ചു, പക്ഷേ സൂപ്പര്‍ കപ്പ് ദൂരെ

ഐ ലീഗ് ഫുട്‌ബോളില്‍ ഇന്നലെ കേരളാ എഫ്.സിയുടെ മുന്നേറ്റം തടയുന്ന മോഹന്‍ ബഗാന്‍ ഗോള്‍ക്കീപ്പര്‍ ഷില്‍ട്ടണ്‍ പോള്‍ (ചിത്രം: സികെ തന്‍സീര്‍)

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: കിരീടംകൊതിച്ച് കോഴിക്കോട് പന്ത്തട്ടിയ മോഹന്‍ബഗാനെ സമനിലയില്‍ തളച്ച് (1-1)കേരള എഫ്.സി. ഐലീഗ് സീസണിലെ അവസാനമത്സരത്തില്‍ ബഗാനായി കാമറൂണ്‍ താരം അസര്‍ പിയറിക് ഡിപണ്‍ഡാ(26ാംമിനിറ്റ് ) ആദ്യം വലകുലുക്കി. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍(45+1) ഹെന്‍ട്രി കിസേക്കയിലൂടെ ആതിഥേയര്‍ സമനില കണ്ടെത്തി. മികച്ച സേവുകളുമായി കേരളത്തിന്റെ രക്ഷകനായ ഗോള്‍കീപ്പര്‍ നിഖില്‍ സി ബര്‍ണാഡിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. സ്വന്തംതട്ടകത്തില്‍ കേരളത്തിനോടേറ്റ തോല്‍വിക്ക് പകരംവീട്ടാനിറങ്ങിയ ബഗാനെ നിര്‍ഭാഗ്യംകൊണ്ട്മാത്രമാണ് വിജയം കൈവിട്ടത്. ഒട്ടേറെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് കോര്‍പറേഷന്‍ സ്റ്റേഡിയം ഇന്നലെ സാക്ഷ്യംവഹിച്ചത്. തുടരെ തുടരെ മുന്നേറ്റങ്ങളുമായി ഇരു ടീമും ഗ്യാലറിയെ കൈയ്യിലെടുത്തു. ഗോളെന്നുറച്ച നിരവധി ഷോട്ടുകള്‍ നിര്‍ഭാഗ്യത്താല്‍ വല തൊട്ടില്ല. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ബഗാന്‍ ഗോളി ഷില്‍ട്ടന്‍ പോളിനെ വെട്ടിച്ച് കേരള സ്‌ട്രൈക്കര്‍ ഹെന്‍ട്രി കിസേക്ക പോസ്റ്റിലേക്ക് അടിച്ച ഷോട്ട് തട്ടിയകറ്റി പ്രതിരോധതാരം ഗുര്‍ജിന്ദര്‍ കുമാര്‍ ഗോള്‍ലൈന്‍ സേവ് അവിശ്വസിനീയമായി. തൊട്ടടുത്ത മിനിറ്റില്‍ ബോക്‌സില്‍ ബഗാന്‍ താരമുതിര്‍ത്ത ഷോട്ട് കേരള ക്യാപ്റ്റന്‍ മുഹമ്മദ് ഇര്‍ഷാദ് ഹെഡ്ഡ് ചെയ്തകറ്റി അപകടം ഒഴിവാക്കി.
ആദ്യപകുതിയുടെ തുടക്കംമുതല്‍ കേരള ഹാഫിലേക്ക് കളിമാറ്റിയ മോഹന്‍ബഗാന്‍ കേരള ഗോള്‍കീപ്പറെ നിരന്തരം പരീക്ഷിച്ചു. വിദേശതാരങ്ങളായ യൂത്ത കിനോവാക്കി, അക്രം മൊഗറബിയുടെ നീക്കങ്ങള്‍ പ്രതിരോധിച്ച കേരളം അധികം വൈകാതെ താളംകണ്ടെത്തി. 16ാം മിനിറ്റില്‍ കേരള താരം കെ.സല്‍മാന്റെ ഷോട്ട് പാടുപെട്ടാണ് എതിര്‍ടീം ഗോളി രക്ഷപ്പെടുത്തിയത്. കേരള പ്രതിരോധത്തിന്റെ പാളിച്ചയിലാണ് സന്ദര്‍ശകര്‍ ആദ്യഗോള്‍നേടിയത്. വലതുവിങിലൂടെ പന്തുമായി മുന്നേറിയ മോഹന്‍ബഗാന്റെ ലെബനന്‍ ഫോര്‍വേഡ് അക്രം മൊഗംബിയുടെ നീട്ടിയുള്ള ക്രോസ് സ്വീകരിച്ച ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ അലക്‌സാണ്ടര്‍ ബോക്‌സിന് പുറത്തുനിന്ന് ഉതിര്‍ത്ത ഷോട്ട് ബാറില്‍ തട്ടുകയും തക്കംപാര്‍ത്തിരുന്ന അസര്‍പിയറിക് ഡിപെണ്‍ഡ ഹെഡ്ഡ് ചെയ്ത് വലയില്‍നിക്ഷേപിക്കുകയായിരുന്നു.
സമനില ഗോളിനായി എതിര്‍ഗോള്‍മുഖത്ത് നിരന്തരം ഇരമ്പിയെത്തിയ കേരളത്തിന് ലക്ഷ്യത്തിലെത്താന്‍ ആദ്യപകുതിയുടെ ഇഞ്ച്വറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. മൂസെ-റാഷിദ്-കിസേക്ക കൂട്ടുകെട്ടാണ് ഗോളിന് വഴിയൊരുക്കിയത്. മൈതാനമധ്യത്തുനിന്ന് ഉ ഷില്‍ട്ടണ്‍ പോള്‍ഗാണ്ടന്‍താരം മുഡ്ഡൈ മൂസ ബോക്‌സിലേക്ക് നീട്ടിനല്‍കിയ ലോങ് ബോള്‍ സ്വീകരിച്ച മുഹമ്മദ് റാഷിദ് പ്രതിരോധതാരങ്ങളെ മറികടന്ന് തലകൊണ്ട് കിസോക്കക്ക് പന്ത് മറിച്ച് നല്‍കി. ബോക്‌സില്‍വെച്ച് നിലംതൊടാതെയുള്ള കിസോക്കയുടെ ബുള്ളറ്റ് ഷോട്ട് ബഗാന്‍ഗോളി ഷില്‍ട്ടണ്‍ പോളിനെ മറികടന്ന് വലയില്‍തുളച്ചുകയറി. രണ്ടാംപകുതിയില്‍ മുന്നേറ്റത്തിന് മൂര്‍ച്ച കൂട്ടിയ കേരളം കൊല്‍ക്കത്തന്‍ക്ലബിന്റെ ബോക്‌സിലേക്ക് നിരന്തരം ആക്രമണം നടത്തി. രണ്ടാംപകുതിയുടെ 61ാം മിനിറ്റില്‍ മുഹമ്മദ് ഇര്‍ഷാദിന്റെ ഗോള്‍ശ്രമം ഗോളിതട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ നിഖില്‍കഡാമിന്റെ ശ്രമവും പരാജയപ്പെട്ടു. 76ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജിനെ പിന്‍വലിച്ച് കിവി സിമോമിയെ കളത്തിലിറക്കിയെങ്കിലും ഗോള്‍മാത്രം അകന്നു. സമനിലയോടെ പതിനെട്ട് മത്സരങ്ങളില്‍ നിന്ന് 31പോയന്റുമായി ബഗാന്‍ മൂന്നാംസ്ഥാനത്ത് തുടരുന്നു. 18 കളിയില്‍ നിന്ന് 21പോയന്റുള്ള കേരള എഫ്.സി ഏഴാമതാണ്. സൂപ്പര്‍കപ്പ് യോഗ്യതനേടാന്‍ ആതിഥേയര്‍ക്ക് യോഗ്യതാമത്സരം കളിക്കണം.