ഇറ്റാലിയന്‍ ക്ലബ് റോമ വില്‍പ്പനയ്ക്ക്; വാങ്ങാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍- ചര്‍ച്ചകള്‍ അണിയറയില്‍

മിലാന്‍: പ്രീമിയര്‍ ലീഗ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡ് വാങ്ങാനുള്ള ശ്രമങ്ങള്‍ സ്തംഭിച്ച വേളയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് മുമ്പില്‍ ഇറ്റലിയില്‍ നിന്ന് മറ്റൊരു വാഗ്ദാനം. സീരി എ വമ്പന്മാരായ എ.എസ് റോമയാണ് ക്ലബില്‍ മുതല്‍ മുടക്കാമോ എന്ന് സൗദി കിരീടാവകാശിയോട് ആരാഞ്ഞത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി പ്രമുഖ കായിക മാദ്ധ്യമമായ ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

300 ദശലക്ഷം യൂറോയ്ക്ക് ന്യൂകാസില്‍ യുണൈറ്റഡ് വാങ്ങാനുള്ള അമാന്‍ഡ സ്റ്റാവ്‌ലിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ ചര്‍ച്ചകള്‍ ഈയിടെ സ്തംഭിച്ചിരുന്നു. ഇതോടെയാണ് ഇറ്റാലിയന്‍ ക്ലബ് സൗദികളെ ബന്ധപ്പെട്ടത്. സൗദി പബ്ലിക് ഇന്‍വസ്റ്റ്‌മെന്റിന് നിക്ഷേപമുള്ള കമ്പനിയാണ് ഈ കണ്‍സോര്‍ഷ്യം. ലോകത്തെ ഏറ്റവും സമ്പന്നമായ പരമാധികാര ഫണ്ടുകളിലൊന്നാണ് സൗദിയുടെ പബ്ലക് ഇന്‍വസ്റ്റ്മെന്റ് ഫണ്ട് (പി.എഫ്.ഐ).

ക്ലബിനായി ഒരു ബയറെ കണ്ടെത്തുന്നതിനു വേണ്ടി ഉടമ ജെയിംസ് പല്ലോറ്റ യു.എസ് ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാഷിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ് മുഹമ്മദ് ബിന്‍ സല്‍മാനെ ബന്ധപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.

1927ല്‍ സ്ഥാപിതമായ ക്ലബാണ് റോം ആസ്ഥാനമായ എ.എസ് റോമ. യുവന്റസ്, ഇന്റര്‍നാഷണലെ, മിലാന്‍, നെപ്പോളി എന്നിവയ്ക്കു ശേഷം ഇറ്റലിയില്‍ കൂടുതല്‍ ആരാധകരുള്ള ക്ലബ് കൂടിയാണിത്.

ഇതാദ്യമായല്ല ഫുട്‌ബോള്‍ ക്ലബുകളില്‍ അറബ് ലോകത്തു നിന്നുള്ള മുതലാളിമാര്‍ പണം മുടക്കുന്നത്. ഷഫീല്‍ഡ് യുണൈറ്റഡ് ക്ലബിന്റെ ഉടമസ്ഥന്‍ അബ്ദുല്ല ബിന്‍ മസ്ഊദ് സൗദിയില്‍ നിന്നുള്ള രാജകുടുംബാംഗമാണ്. മുന്‍നിര ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥനും അറബിയാണ്. യു.എ.ഇ ഉപപ്രധാനമന്ത്രി ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അര്‍ദ്ധസഹോദരന്‍ ശൈഖ് മന്‍സൂര്‍. ഇന്റര്‍നാഷണല്‍ പെട്രോളിയം ഇന്‍വസ്റ്റ്മെന്റ് കമ്പനി, അബുദാബി മീഡിയ ഇന്‍വസ്റ്റ്മെന്റ് കോര്‍പറേഷന്‍ എന്നീ മുന്‍നിര സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് മന്‍സൂര്‍. ക്ലബ് അദ്ദേഹം ഏറ്റെടുത്ത ശേഷം മാഞ്ചസ്റ്റര്‍ സിറ്റി നാലു തവണ കിരീടം നേടിയിട്ടുണ്ട്.