പ്രസിഡണ്ട് തെരഞ്ഞെടുപ്പ്: ലക്ഷ്യം വിടാതെ അസ്ഹര്‍; നടപടിക്കെതിരെ കോടതിയെ സമീപിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോടതിയെ സമീപിച്ചു. ഒത്തു കളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ അസ്ഹറിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് എടുത്തു കളയാത്തതും, എച്ച്.സി.എയില്‍ അസ്ഹറിന് വോട്ടുണ്ടോ എന്ന കാര്യത്തിലെ അവ്യക്തതയും ചൂണ്ടിക്കാട്ടി നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഒത്തു കളി വിവാദത്തെ തുടര്‍ന്ന് 2000ല്‍ അസ്ഹറിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ അദ്ദേഹം നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ 2012ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി അസ്ഹറിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. കോടതി വിധി വന്നതിനു ശേഷവും ആജീവനാന്ത വിലക്ക് ഔദ്യോഗികമായി എടുത്തു മാറ്റാന്‍ ബി.സി.സി.ഐ തയാറായിട്ടില്ല. ഈ കാരണം കൊണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന പെന്‍ഷന്‍ അസ്ഹറിന് ഇതുവരെ നല്‍കിയിട്ടില്ല. നേരത്തെ 2009ല്‍ യു.പിയിലെ മൊറാദാബാദില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്കു വിജയിച്ച അസ്ഹര്‍ 2014ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.