മോദിയുടെ ലേ ആശുപത്രി സന്ദര്‍ശനം തട്ടികൂട്ടല്ല; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കരസേന

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ ലേയിലെ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കരസേന. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലേയിലെ സന്ദര്‍ശനത്തിനിടെ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച കര്യത്തില്‍ ചില അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്, ”കരസേന പ്രസ്താവനയില്‍ പറഞ്ഞു. ”നമ്മുടെ ധീരരായ സായുധ സേനയുമായി ബന്ധപ്പെട്ടു ഉയര്‍ന്ന പ്രചാരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. സൈനികര്‍ക്ക് ഏറ്റവും മികച്ച ചികിത്സയാണ് സായുധ സേന നല്‍കുന്നതെന്നും പ്രധാനമന്ത്രി സന്ദര്‍ശിച്ച ചികിത്സാകേന്ദ്രവുമായി ബന്ധപ്പെട്ട് ചില കോണുകളില്‍നിന്ന് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമാണെന്ന് കരസേന വ്യക്തമാക്കി.

കോവിഡ് സാഹചര്യത്തില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്താണ് പരിക്കേറ്റ സൈനികര്‍ക്ക് ചികിത്സ നല്‍കുന്നത്. ലേയിലെ ജനറല്‍ ആശുപത്രി കോംപ്ലക്സിന്റെ ഭാഗമാണിത്. ആശുപത്രിയിലെ ചില വാര്‍ഡുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഐസലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയിരുന്നു. അതുകൊണ്ടാണ് പരിശീലനഹാളായി ഉപയോഗിച്ചിരുന്ന കേന്ദ്രം സൈനികരുടെ ചികിത്സയ്ക്കായി പ്രത്യേകമായി സജ്ജീകരിച്ചതെന്നും കരസേന വിശദീകരിച്ചു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികര്‍ ഇവിടേക്ക് എത്തിയത് മുതല്‍ ഈ പ്രത്യേക കേന്ദ്രത്തിലാണ് ചികിത്സ നല്‍കുന്നത്. നേരത്തെ കരസേന മേധാവി ജനറല്‍ എംഎം നര്‍വണെയും കമാണ്ടര്‍മാരും പരിക്കേറ്റ സൈനികരെ ഇവിടെ തന്നെയാണ് സന്ദര്‍ശനം നടത്തിയതെന്നും കരസേന വ്യക്തമാക്കി.

Read More: “അപ്പോള്‍ എത്ര പേര്‍ക്കാണ് പരിക്കേറ്റത്?”; മോദിയുടെ ‘ഹോസ്പിറ്റല്‍’ ചിത്രങ്ങള്‍ വിവാദമാവുന്നു

വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ലഡാക്കില്‍ ചൈനീസ് അതിര്‍ത്തിക്കു സമീപം നിമുവിലെ സൈനികപോസ്റ്റ് സന്ദര്‍ശിച്ച് സൈനികരെ അഭിസംബോധന ചെയ്തത്. പിന്നാലെ ഗാല്‍വന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ലേയില്‍ ചികിത്സിലുള്ള സൈനികരേയും സന്ദര്‍ശിച്ചു. ഈ ചികിത്സാകേന്ദ്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് കരസേന വിശദീകരണം നല്‍കിയത്.