സര്‍ക്കാര്‍ രൂപീകരണം: ബി.ജെ.പിയെ രാഷ്ട്രപതി ക്ഷണിച്ചു പുതിയ ഇന്ത്യക്കുവേണ്ടിയുള്ള തുടക്കമെന്ന് മോദി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിച്ചു. ഇന്നലെ നടന്ന ബി.ജെ.പിയുടേയും എന്‍.ഡി.എയുടേയും പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ മോദിയെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് രാത്രിയോടെ മോദി രാഷ്ട്രപതിഭവനിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കത്തു നല്‍കി. ഇത് സ്വീകരിച്ചാണ് രാഷ്ട്രപതിയുടെ ക്ഷണം. 30ന് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കും. പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭാംഗങ്ങളുടെ പേരുവിവരങ്ങള്‍ കൈമാറാന്‍ രാഷ്ട്രപതി ഭവന്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടു. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗം.
പുതിയ ഇന്ത്യക്കു വേണ്ടി പുതിയ ഊര്‍ജ്ജവുമായുള്ള പുതിയ തുടിക്കമാണിതെന്ന് മോദി പറഞ്ഞു. ജനങ്ങളെ സേവിച്ചതിനുള്ള അംഗീകാരമാണ് എന്‍.ഡി.എയുടെ രണ്ടാംവരവ്. ജനങ്ങളുടെ പ്രതീക്ഷകള്‍ സംരക്ഷിച്ച് മുന്നോട്ടു പോകണം. ന്യൂനപക്ഷങ്ങള്‍ ഭയത്തിന്റെ അന്തരീക്ഷത്തിലാണ് രാജ്യത്ത് ജീവിക്കുന്നത്. അതിന് മാറ്റം വരണമെന്നും മോദി പറഞ്ഞു. മാധ്യമശ്രദ്ധ നേടാനുള്ള അതിരുകവിഞ്ഞ നീക്കങ്ങളില്‍ എം.പിമാരില്‍നിന്ന് ഉണ്ടാകരുതെന്നും വാക്കുകളിലും പ്രവൃത്തികളിലും മിതത്വം പാലിക്കണമെന്നും മോദി എം.പിമാരോട് ഉപദേശിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിലും തുടര്‍ പ്രവര്‍ത്തനങ്ങളിലും എല്ലാ എം.പിമാരുടേയും സഹകരണം തേടുന്നതായി അദ്ദേഹം പറഞ്ഞു. എസ്.എ.ഡി നേതാവ് പ്രകാശ് സിങ് ബാദല്‍ ആണ് നരേന്ദ്രമോദിയെ കക്ഷി നേതാവായി നിര്‍ദേശിച്ചത്. ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍, ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ എന്നിവര്‍ പിന്തുണച്ചു. ഐകകണ്‌ഠ്യേനയാണ് യോഗത്തില്‍ പങ്കെടുത്ത 353 എന്‍.ഡി.എ അംഗങ്ങളും മോദിയെ കക്ഷി നേതാവായി അംഗീകരിച്ചത്. വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അവസാന യോഗം പതിനാറാം ലോക്‌സഭ പിരിച്ചുവിടാന്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ ചെയ്തിരുന്നു.
തൊട്ടു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിസഭയുടെ രാജിക്കത്തും രാഷ്ട്രപതിക്ക് കൈമാറി. തുടര്‍ന്ന് പതിനാറാം ലോക്‌സഭ പിരിച്ചുവിട്ടതായി രാഷ്ട്രപതി ഭവന്‍ വിജ്ഞാപനമിറക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രപതിയെ അറിയിച്ചു. 542 മണ്ഡലങ്ങളിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ലിസ്റ്റ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കൈമാറി.