2022 വരെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ മാത്രം വാങ്ങിയാല്‍ മതിയെന്ന് മോദി

ന്യൂഡല്‍ഹി: സ്വാശ്രയത്വത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി 2022 വരെയെങ്കിലും പ്രാദേശികമായി നിര്‍മിച്ച ഉത്പന്നങ്ങള്‍ മാത്രം വാങ്ങാന്‍ ജനങ്ങളോട് ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഈ വര്‍ഷത്തെ അവസാന ‘മന്‍ കി ബാത്ത്’ റേഡിയോ പരിപാടിയിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അഭ്യര്‍ഥിച്ചത്. മഹാത്മാഗാന്ധിയുടെ സ്വദേശി ആശയം ഉയര്‍ത്തിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവച്ചത്. ഇതിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തില്‍ അഭിവൃദ്ധി കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പ്രത്സാഹിപ്പിക്കുന്നതിനുള്ള മുന്നേറ്റത്തിന് നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഗാന്ധിജി തുടക്കം കുറിച്ചിരുന്നു. സ്വാശ്രയത്വത്തിന് പ്രാധാന്യം നല്‍കാന്‍ ഗാന്ധിജി നമുക്ക് വഴികാണിച്ചുതന്നു. ദീര്‍ഘകാലം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ മാത്രം വാങ്ങണമെന്ന് താന്‍ പറയുന്നില്ല. കുറച്ചു കാലത്തേക്ക് മാത്രം. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2022 വരെയെങ്കിലും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ മാത്രം വാങ്ങൂ. ഈ ആശയം യാഥാര്‍ഥ്യമാക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നാണ് തന്റെ അഭിപ്രായം.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇത് നടപ്പാക്കില്ല. യുവാക്കള്‍ മുന്നിട്ടിറങ്ങട്ടെ, ചെറിയ പ്രസ്ഥാനങ്ങളും കൂട്ടായ്മകളും ഇതേപ്പറ്റി ചര്‍ച്ച നടത്തി തീരുമാനമെടുക്കട്ടെ. രാജ്യത്തെ ജനങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും അവ വാങ്ങാനും നമുക്ക് മുന്നിട്ടിറങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

SHARE