‘ഒരു കൈയില്‍ ഖുര്‍ആനും മറു കൈയില്‍ കമ്പ്യൂട്ടറും…’ മുസ്‌ലിം യുവാക്കളോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇസ്ലാമിക സംസ്‌കാരം രാജ്യമെങ്ങും പുഷ്ടിപ്പെടുകയാണെന്നും മുസ്ലിം യുവാക്കളെ ശാക്തീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ‘ഇസ്ലാമിക പാരമ്പര്യം; ധാരണയും മിതത്വവും പ്രചരിപ്പിക്കുന്നു’ എന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കവെയാണ് മോദി ഇസ്ലാമിനെയും മുസ്ലിംകളെയും വാനോളം പുകഴ്ത്തിയത്. ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവ് പങ്കെടുത്ത ചടങ്ങിലായിരുന്നു മോദിയുടെ പ്രസംഗം.

‘ഇസ്ലാമിക സംസ്‌കാരം ഇന്ത്യയിലുടനീളം പുഷ്ടിപ്പെടുകയാണ്. സൂഫിസത്തിന്റെ സ്വാധീനം സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പരത്തുന്നു. മുസ്‌ലിം യുവാക്കളെ ശാക്തീകരിക്കുന്നതിനായി എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഒരു കൈയില്‍ ഖുര്‍ആനും മറുകയ്യില്‍ കമ്പ്യൂട്ടറുമാണ് അവര്‍ക്കു വേണ്ടത്.’ – മോദി ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹിയില്‍ നടന്ന ചടങ്ങിനെത്തിയ ജോര്‍ദാന്‍ രാജാവിനെ ഏറെ ആവേശത്തോടെയാണ് മോദി സ്വീകരിച്ചത്. രാജാവിന്റെ വരവും സെമിനാറും സംബന്ധിച്ച് ആറ് ട്വീറ്റുകളാണ് മോദി ഇന്ന് ചെയ്തത്.