വരാനിരിക്കുന്ന ആഘോഷങ്ങളെ പരാമര്‍ശിച്ച മോദിയുടെ പ്രസംഗത്തില്‍ ബലിപെരുന്നാള്‍ ഒഴിവാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ 172 മില്യന്‍ വരുന്ന മുസ്‌ലിങ്ങള്‍ തന്റെ പരിഗണനയിലില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ വരാനിരിക്കുന്ന ആഘോഷങ്ങള്‍ അക്കമിട്ട് പറഞ്ഞ മോദി ഓഗസ്റ്റില്‍ വരാനിരിക്കുന്ന ബലിപെരുന്നാളിനെ ഒഴിവാക്കി. ഗുരുപൂര്‍ണിമ, ഗണേശ് ചതുര്‍ത്ഥി, ദീപാവലി, ദുര്‍ഗാപൂജ, ഛാത്ത് പൂജ, കാട്ടി ബിഹു തുടങ്ങിയ മുഴുവന്‍ ആഘോഷങ്ങളും പരാമര്‍ശിച്ച പ്രധാനമന്ത്രി ബലിപെരുന്നാളിനെ മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.

ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ വരാനിരിക്കുന്ന മുഴുവന്‍ ആഘോഷങ്ങളും പരാമര്‍ശിച്ച പ്രധാനന്ത്രി ബലിപെരുന്നാളിനെ മാത്രം ഒഴിവാക്കിയതിലൂടെ മുസ്‌ലിങ്ങളുടെ ആഘോഷത്തെ മനപ്പൂര്‍വ്വം അവഗണിക്കുക എന്ന സംഘപരിവാര്‍ നയമാണ് നടപ്പാക്കിയത്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ബലിപെരുന്നാള്‍ ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിന് ഈദാശംസകള്‍ നേരുന്നുവെന്ന് അസദുദ്ദീന്‍ ഉവൈസി ട്വീറ്റ് ചെയ്തു. വരാനിരിക്കുന്ന ആഘോഷങ്ങളില്‍ നിന്ന് ഈദിനെ മാത്രം ഒഴിവാക്കിയ പ്രധാനമന്ത്രിക്ക് ‘സബ്കാ സാത്’ എന്ന തന്റെ മുദ്രാവാക്യത്തോട് എങ്ങനെ നീതി പുലര്‍ത്താനാവുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദ് ചോദിച്ചു.

SHARE