മാപ്പ് പറയേണ്ടത് മോദി; ബിജെപിയുടെ വീഴ്ചകള്‍ നിരത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തോട് മാപ്പ് പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘റേപ്പ് കാപ്പിറ്റല്‍’ എന്ന പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പുപറയണമെന്ന സ്മൃതി ഇറാനിയുടെ ആവശ്യത്തോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദിയുടേയും ബിജെപിയുടേയും ഇപ്പോഴത്തെ ശ്രമമെന്ന് തുറന്നടിച്ചായിരുന്നു രാഹുലിന്റെ മറുപടി.

‘റേപ്പ് കാപ്പിറ്റല്‍’ എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ലോക്‌സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് ലോക്‌സഭയില്‍ ഭരണപക്ഷം ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ പാര്‍ലമെന്റിന് പുറത്തിറങ്ങിയ രാഹുല്‍, ബിജെപിയെ വെട്ടിലാക്കി മാധ്യമങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു.

മോദിയും അമിത് ഷായും ചേര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീകൊളുത്തിയിരിക്കുന്നതാണ് നിലവിലെ പ്രധാന പ്രശ്‌നം. ഈ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് അവര്‍ ഞാന്‍ മാപ്പ് പറയണെന്ന് പറഞ്ഞ് നടക്കുന്നത്. ഞാന്‍ മാപ്പ് പറയാന്‍ പോകുന്നില്ലെന്നും എന്നാല്‍ ഞാന്‍ പറഞ്ഞത് എന്താണെന്ന് കൃത്യമായി വ്യക്തമാക്കാമെന്നും രാഹുല്‍ പറഞ്ഞു.

മേക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കേള്‍ക്കുന്ന ഒരാള്‍ പത്രം വായിക്കുമ്പോള്‍ സാധാരണഗതിയില്‍ ഏത് തരം വാര്‍ത്തകളാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിരവധി ബലാത്സംഗ വാര്‍ത്തകളാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്, രാഹുല്‍ പറഞ്ഞു.

ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എ അതേ പെണ്‍കുട്ടിയെ വാഹനമിടിച്ചു അപകടപ്പെടുത്തി. അതില്‍ ഒരക്ഷരം പ്രധാനമന്ത്രി ഇതേവരെ ശബ്ദിച്ചിട്ടില്ല. രാജ്യത്തുടനീളം സംഘര്‍ഷത്തിന് തിരിക്കൊളുത്തുന്നത് പ്രധാനമന്ത്രിയാണ്. കശ്മീരില്‍ സംഘര്‍ഷം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം, സ്ത്രീകള്‍ക്കെതിരായ ആക്രമണം. രാജ്യത്തെങ്ങും സംഘര്‍ഷവും ആക്രമണവുമാണ്. ഡല്‍ഹി ബലാത്സംഗത്തിന്റെ തലസ്ഥാനമാണെന്ന് മോദി പറഞ്ഞതിന്റെ ക്ലിപ്പ് എന്റെ ഫോണിലുണ്ട്, രാഹുല്‍ തുറന്നടിച്ചു.

എത്ര ശക്തമായിരുന്നു നമ്മുടെ സാമ്പദ്‌വ്യവസ്ഥ. ഇപ്പോഴത്തെ അതിന്റെ അവസ്ഥയെന്താണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയതാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തതിന് മോദി ഉത്തരം പറയണം. പുതുതായി തൊഴില്‍ നല്‍കുന്നത് പോട്ടെ, ഉള്ള തൊഴിലും ഇല്ലാതാക്കിയതിനും മോദി ഉത്തരം പറയണമെന്നും, രാഹുല്‍ ആവശ്യപ്പെട്ടു.

അതേസമയം, രാഹുലിനോട് മാപ്പ് പറയാനുള്ള സ്മൃതി ഇറാനിയുടെ ആവിശ്യം ബിജെപിക്കും മോദി സര്‍ക്കാറിനും വടികൊടുത്ത് അടിവാങ്ങിയ പോലെയായി. മാപ്പു പറയില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാവ് മോദിയുടെ പഴയ വീഡിയോ ക്ലിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ അതേറ്റുപിടിച്ചിരിക്കുയാണ് സോഷ്യല്‍ മീഡിയ.

അതികാരത്തിലെത്തുന്നതിന് മുമ്പ് മോദിയും ബിജെപിയും നടത്തിയ പൊള്ളയായ വാഗ്ദാനങ്ങളെ തുറന്നുകാട്ടുന്ന ബിജെപി വിമര്‍ശന പോസ്റ്റുകള്‍ ബ്രൂട്ട് ഇന്ത്യ അടക്കമുള്ള നിരവധി പേജികളില്‍ പുറത്തുവന്നു. മോദി ഭരണ പരാജയം നിരത്തി നിരവധി പോസ്‌ററുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. #ShamelessSmriti ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റായി.

https://twitter.com/DesiPoliticks/status/1205462888099581963
https://twitter.com/DesiPoliticks/status/1205439880098172928