ബി.ജെ.പി എന്നാല്‍ മോദിയും അമിത്ഷായും മാത്രമല്ല; ഇരുവരും പാര്‍ട്ടിക്ക് അതീതരുമല്ല-നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നിതിന്‍ ഗഡ്കരി. ബി.ജെ.പി എന്നാല്‍ മോദിയും അമിത്ഷായും മാത്രമല്ലെന്ന് ഗഡ്കരി തുറന്നടിച്ചു. ബി.ജെ.പി എന്നത് മോദി കേന്ദ്രീകൃത പാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘മോദിയുടെയോ അമിത്ഷായുടെയോ മാത്രം പാര്‍ട്ടിയല്ല ബി.ജെ.പി. ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണിത്. വ്യക്തികേന്ദ്രീകൃത സ്വഭാവമല്ല ഇതിനുള്ളത്’- ഗഡ്കരി പറഞ്ഞു. മോദിയോ അമിത്ഷായോ പാര്‍ട്ടിക്ക് അതീതരല്ലെന്നും ഗഡ്കരി വ്യക്തമാക്കി.

നതിന്‍ ഗഡ്കരി ഇതിനു മുമ്പും മോദി-ഷാ അച്ചുതണ്ടില്‍ ബി.ജെ.പി പരിമിതപ്പെടുന്നതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള സെമിഫൈനലെന്നു വിശേഷിപ്പിച്ചിരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഇരുവരെയും ഗഡ്കരി പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദത്തിന് വഴിവച്ചു.