അദ്വാനിക്ക് പിന്നാലെ മുരളി മനോഹര്‍ ജോഷിയെയും വെട്ടി മോദി-ഷാ സഖ്യം

ലോകസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ബി.ജെ.പി സ്ഥാപക നേതാക്കളിലൊരാളും സിറ്റിങ് എം.പിയുമായ മുരളി മനോഹര്‍ ജോഷിയെയും മാറ്റിനിര്‍ത്തി നരേന്ദ്ര മോദി-അമിത്
ഷാ സഖ്യം. തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കേണ്ടതില്ലെന്ന വിവരം നേരിട്ട് അറിയിക്കാതെ പരിഹാസ രൂപേണ ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംലാല്‍ മുഖാന്തരം അയച്ച സന്ദേശത്തിലൂടെയാണ് ജോഷി അറിഞ്ഞത്. കാണ്‍പുരില്‍ മത്സരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിനിടെയാണ് ഈ വെട്ടിനിരത്തല്‍.

ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയെ പാര്‍ലമെന്റ് സീറ്റില്‍ നിന്നും വെട്ടിനിരത്തിയതിന് പിന്നാലെയാണ് മറ്റൊരു മുതിര്‍ന്ന നേതാവിനെതിരെയുള്ള മോദി-ഷാ സഖ്യത്തിന്റെ പ്രഹരം.

ഇതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കാണ്‍പൂരിലെ വോട്ടര്‍മാര്‍ക്ക്ായി മുരളി മനോഹര്‍ ജോഷി തുറന്ന് കത്ത് പുറത്തുവിട്ടു.

കാണ്‍പൂരിലെ പ്രിയ വോട്ടര്‍മാരെ, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ നിന്നുമാത്രമല്ല ഒരിടത്തുനിന്നും ഞാന്‍ മത്സരിക്കേണ്ടെന്ന് ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി രാം ലാല്‍ ഇന്ന് എന്നെ അറിയിച്ചു. മുരളി മനോഹര്‍ ജോഷി’, എന്നാണ് കത്തില്‍ പറയുന്നത്.

പാര്‍ട്ടി തങ്ങളെ തഴഞ്ഞ രീതിയില്‍ മുരളി മനോഹര്‍ ജോഷിക്കും എല്‍.കെ അദ്വാനിക്കും കടുത്ത അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ അമിത് ഷാ നേരിട്ടുവന്ന് തന്നെ വിവരങ്ങള്‍ അറിയിക്കണമെന്ന് ജോഷി നേതൃത്വത്തെ അറിയിച്ചിരുന്നു. നേരിട്ട് അറിയിക്കാന്‍പോലും മാന്യത കാട്ടാതെ ദൂതന്‍വഴി തന്നെ പടിയടച്ചത് അങ്ങേയറ്റം അവഹേളനപരമായെന്ന് ജോഷി പ്രതികരിച്ചതായാണ് വിവരം. ”അവര്‍ക്കെന്നെ അഭിമുഖീകരിക്കാന്‍ എന്താണ് പേടിയെന്ന്, മോദി-ഷാ സഖ്യത്തെ വിമര്‍ശിച്ച് ജോഷി ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

2014ല്‍ മോദിക്കുവേണ്ടി മുരളി മനോഹര്‍ ജോഷി വാരാണസി സീറ്റ് ഒഴിഞ്ഞു കൊടുത്തു കാണ്‍പൂരില്‍ മത്സരിച്ചിരുന്നു. 57% വോട്ടുകള്‍ നേടിയാണ് കാണ്‍പൂരില്‍ 2014ല്‍ ജോഷി ജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനുശേഷം മാര്‍ഗദര്‍ശക് മണ്ഡലില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നുവെന്നാണ് ബി.ജെ.പി മാധ്യമങ്ങളോട് പറഞ്ഞത്. മുരളീ മനോഹര്‍ ജോഷിക്കു പുറമേ എല്‍.കെ അദ്വാനി, ശാന്ത കുമാര്‍ തുടങ്ങിയവര്‍ക്കും പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇവരെയും സമാനമായ രീതിയില്‍ രാം ലാല്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയര്‍മാനാണ് ജോഷി. ഗംഗ ശുചീകരണം, ബാങ്കിങ് എന്‍.പി.എ തുടങ്ങിയ വിഷയത്തില്‍ അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പുകാരുടെ ‘രാജന്‍ ലിസ്റ്റ്’ (രഘുറാം രാജന്‍ പുറത്തുവിട്ട ലിസ്റ്റ്) പുറത്തുകൊണ്ടുവന്നതും ജോഷിയായിരുന്നു.