‘നന്ദി മമ്മൂക്ക, നിങ്ങളുടേതു പോലുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് രാജ്യത്തിനു വേണ്ടത്’ – മമ്മൂട്ടിയോട് മോദി

ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലൈറ്റ് ഓഫാക്കി വിളക്ക് തെളിയിക്കാനുള്ള തന്റെ ആഹ്വാനത്തിന് പിന്തുണയറിയിച്ച നടന്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് മോദിയുടെ അഭിനന്ദനക്കുറിപ്പ്.
‘നന്ദി മമ്മൂക്ക. ഐക്യത്തിനും സാഹോദര്യത്തിനുമായി നിങ്ങളെപ്പോലുള്ളവരുടെ ഹൃദയംനിറഞ്ഞ ആഹ്വാനമാണ് നമ്മുടെ രാജ്യത്തിന് കൊറോണയ്‌ക്കെതിരെ പോരാടാന്‍ വേണ്ടത്’ – എന്നാണ് മോദി കുറിച്ചത്.


ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് ഒമ്പത് മിനിറ്റ് നേരത്തേക്ക് വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന് മോദി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ഇതിന് എല്ലാ പിന്തുണയും അര്‍പ്പിച്ച മമ്മൂട്ടി എല്ലാവരോടും പങ്കാളികള്‍ ആകണമെന്നും ആവശ്യപ്പെട്ടിരുന്നു.

മോദിയുടെ വിളക്കു കത്തിക്കാനുള്ള ആഹ്വാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മോദി അന്ധവിശ്വാസത്തിന് പ്രേരിപ്പിക്കുന്നു എന്നാണ് വിമര്‍ശകര്‍ പ്രധാനമായും ഉന്നയിക്കുന്നത്. ഹൈന്ദവ വിശ്വാസത്തിലെ സംഖ്യാ ശാസ്ത്ര പ്രകാരം ഒമ്പതിന് പ്രാധാന്യം നല്‍കിയാണ് മോദിയുടെ വിളക്കു കത്തിക്കല്‍ അരങ്ങേറുന്നത് എന്നതാണ് വിമര്‍ശം.

SHARE