“പ്രധാനമന്ത്രിയെ തീരുമാനിക്കുക ജനങ്ങള്‍”; യു.പി.എ അധികാരത്തിലെത്തുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ യുപിഎ അധികാരത്തിലേറുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയും, നരേന്ദ്ര മോദിയും ഇത്തവണ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷം ലഭിക്കുമോ, സഖ്യമായിട്ടാകുമോ അധികാരത്തിലേറുക എന്നത് നിലവിലെ സാഹചര്യത്തില്‍ പ്രവചിക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. വിവിധ ദേശീയമാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദിയെ ജനങ്ങള്‍ക്ക് മടുത്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ അധികാരത്തിലേറാന്‍ പോകുകയാണെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ആയിരിക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടത് താനല്ലെന്നും അത് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. തെരഞ്ഞെടുക്കപ്പെട്ടാല്‍ പത്ത് ദിവസം കൂടുമ്പോള്‍ തന്റെ മനസിലുള്ളത് ജനങ്ങളോട് പറയില്ലെന്നും, പകരം ജനങ്ങള്‍ പറയുന്നത് കേള്‍ക്കുകയായിരിക്കും കോണ്‍ഗ്രസ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. മോദിയെയും ബിജെപിയെയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മോദിക്കു കൃത്യമായ വിദേശ നയം ഇല്ലെന്ന് ആരോപിച്ച രാഹുല്‍ അദ്ദേഹത്തിനു തോന്നുന്നതു പോലെ ഓരോ ദിവസവും പെരുമാറുകയാണെന്നും പറഞ്ഞു. വിദേശനയത്തെക്കുറിച്ചു സാമാന്യബോധം പോലും മോദിക്കില്ല. വിദേശനയമെന്നാല്‍ പറ്റാവുന്നത്ര ലോകനേതാക്കളെ കെട്ടിപ്പിടിക്കുക എന്നതാണ് മോദിയുടെ ധാരണ. ഞാന്‍ മോദിയെ ആലിംഗനം ചെയ്തപ്പോള്‍ അതില്‍ അടങ്ങിയതു മുഴുവന്‍ സ്‌നേഹം ആയിരുന്നു. അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു, കയര്‍ത്തു. പക്ഷേ ഞാന്‍ ക്ഷമയോടെയും സ്‌നേഹത്തോടെയുമാണു പെരുമാറിയതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ജമ്മുകശ്മീര്‍, സുരക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് കൃത്യമായ ധാരണയുണ്ടെന്ന് പറഞ്ഞ രാഹുല്‍ ഇന്ത്യയെ ആക്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാനമന്ത്രി അനില്‍ അംബാനിക്കു നല്‍കിയത് 30,000 കോടി രൂപയാണ്. സത്യമെന്തന്നാല്‍, കാവല്‍ക്കാരന്‍ കള്ളനാണ്. അധികാരത്തിലെത്തിയാല്‍ റഫാല്‍ അഴിമതി അന്വേഷിക്കും. കാവല്‍ക്കാരന്‍ കള്ളനാണെന്ന് പറയാന്‍ സുപ്രീം കോടതി വിധിയെ ഉദ്ദരിച്ചത് സാങ്കേതിക പിഴവാണെന്നും ഇക്കാര്യത്തില്‍ താന്‍ മാപ്പു പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന തന്റെ വാദം പിന്‍വലിക്കാന്‍ പോകുന്നില്ലെന്നും, കാവല്‍ക്കാരന്‍ എന്ന് താന്‍ പറഞ്ഞാല്‍ കള്ളന്‍ എന്ന് ജനങ്ങള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. താന്‍ പൊതുവേ എല്ലാം തുറന്നുപറയുന്ന ആളാണെന്നും അമ്മ എനിക്ക് സഹോദരി യും, സഹോദരി അമ്മയും കൂടിയാണ്. അവര്‍ രണ്ടു പേരും എന്റെ ബലമാണ്. അവര്‍ വ്യത്യസ്തരല്ലെന്നും പറഞ്ഞു. വയനാടാണോ അമേത്തിയാണോ നിലനിര്‍ത്തേണ്ടതെന്നു തീരുമാനിച്ചിട്ടില്ല. അമേത്തിയില്‍ തോല്‍ക്കുമെന്ന ഭയമുള്ളതു കൊണ്ടല്ല രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ തീരുമാനിച്ചത്. ഒരു ദിവസം തമിഴ്‌നാട്ടില്‍ ചെന്നപ്പോള്‍ അവിടുത്തെ ആളുകള്‍ ചോദിച്ചു: ഞങ്ങള്‍ക്കും ഇന്ത്യയിലെ മറ്റു ജനങ്ങളെപ്പോലെ തുല്യാവകാശമില്ലേ? ഈ വികാരമാണ് തെക്കേ ഇന്ത്യയില്‍ മത്സരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഉത്തരേന്ത്യ പോലെ തന്നെ പ്രധാനമാണ് ദക്ഷിണേന്ത്യയും എന്ന് എനിക്കവരോട് പറയണമായിരുന്നു രാഹുല്‍ പറഞ്ഞു.