കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തി, അമ്മ വഴക്കുപറഞ്ഞു: പുതിയ വെളിപ്പെടുത്തലുകളുമായി മോദി

ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് കുളിക്കാന്‍ പോയപ്പോള്‍ മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ തന്നെ അമ്മ വഴക്കുപറഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയില്‍ അവതാരകന്‍ ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള യാത്രാവേളയിലാണ് മോദി പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.. മുതലക്കുഞ്ഞിന്റെ കഥയെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ മോദി പറഞ്ഞത് ഇങ്ങനെ…

ബാലനായിരിക്കെ കുളിക്കാനായി തടാകത്തില്‍ പോയപ്പോഴായിരുന്നു അത്. തടാക തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി ഞാന്‍ വീട്ടിലെത്തി. അപ്പോള്‍ എന്റെ അമ്മ ഞാന്‍ ചെയ്തത് ശരിയല്ല എന്ന് പറയുകയും തിരിച്ച് എടുത്തിടത്ത് കൊണ്ടുവിടാനും പറഞ്ഞു. ഞാന്‍ അത് അനുസരിച്ചു മോദി പറയുന്നു.

ശൈത്യകാലത്ത് മഞ്ഞുതുള്ളികള്‍ ഉപ്പിന്റെ പാളി തീര്‍ക്കും. കുട്ടിക്കാലത്ത് അത് ശേഖരിച്ച് വീട്ടിലെത്തിക്കുമായിരുന്നു. സോപ്പുപൊടി പോലെ അത് ഉപയോഗിച്ചാണ് ഞാന്‍ തുണി അലക്കിയിരുന്നത്. അത് വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കാനും ഉപയോഗിച്ചിരുന്നുവെന്നും മോദി പറഞ്ഞു. ജീവിതത്തില്‍ ഇതുവരെ ഒന്നിനെയും ഭയപ്പെടാത്തതിനാല്‍ ഭയം എന്താണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ച പരിപാടി തിങ്കളാഴ്ച രാത്രി ഡിസ്‌കവറി ചാനലില്‍ സംപ്രേഷണം ചെയ്തു.

SHARE