ഉപഗ്രഹ വേധ മിസൈല്‍ നിര്‍മിച്ചത് മന്‍മോഹന്‍ സിങ്ങ് ; മോദി സ്വിച്ച് അമര്‍ത്തി: ഫാറൂഖ് അബ്ദുല്ല

ശ്രീനഗര്‍: ഉപഗ്രഹ വേധ മിസൈല്‍ നിര്‍മിച്ചത് മന്‍മോഹന്‍ സിങ്ങ് ആണെന്നും മോദി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വെറുതെ ഒരു സ്വിച്ച് അമര്‍ത്തി ഖ്യാതി നേടാന്‍ ശ്രമിക്കുകയാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ പരിഹാസം.
മോദി ധൈര്യശാലിയാണെന്നും അയാള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്നും കാണിക്കാനായി നമ്മള്‍ ഒരു വിമാനവും വെടിവെച്ചിട്ടു. ഇതിലൂടെ കര്‍ഷകരെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും ചര്‍ച്ച ചെയ്യാതിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് അയാളെന്നും ഫാറൂഖ് പറഞ്ഞു.
പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന് ശേഷം ബി.ജെ.പി രാമക്ഷേത്രനിര്‍മാണത്തെക്കുറിച്ച് മറന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുകയാണ്.
മുമ്പ് അവര്‍ ചര്‍ച്ച ചെയ്തിരുന്നത് ക്ഷേത്രത്തെക്കുറിച്ചാണെന്നും ഇപ്പോള്‍ അത് എവിടെപ്പോയെന്നും ബാലാക്കോട്ട് അതിനെ വിഴുങ്ങിയോ എന്നും ശ്രീനഗറില്‍ നടന്ന പരിപാടിയില്‍ ഫറൂഖ് ചോദിച്ചു.
ബി.ജെ.പിയെ കശ്മീരിലെത്തിച്ചത് പി.ഡി.പിയാണെന്നും രാജ്യത്തെ വിഭജിക്കാന്‍ പല ശക്തികളും ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, തെരഞ്ഞെടുപ്പ് അതിപ്രധാനമാണെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു.

SHARE