പാര്‍ലമെന്റില്‍ വനിതാ അംഗത്തിനെതിരെ അപമാനിച്ച് മോദി; മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ രേണുകാ ചൗധരിയെ പേരെടുത്ത് പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം. വനിതാ അംഗത്തിനെതിരെ മോശമായി പെരുമാറിയ മോദി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ സിംഹഭാഗവും കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ നീക്കിവെച്ച നരേന്ദ്ര മോദി രാജ്യസഭയില്‍ പ്രസംഗിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഭ നിയന്ത്രിച്ചിരുന്ന വെങ്കയ്യ നായിഡുവിന് ഇടപെടേണ്ടി വന്നു. മോദി ആധാറിനെ പറ്റി പറയുന്നതിനിടെ രേണുക ചൗധരി ഉച്ചത്തില്‍ ചിരിക്കുകയും ചെയ്തു.

ഇതേപ്പറ്റി വെങ്കയ്യ നായിഡു രേണുക ഇരുന്ന ഭാഗത്തേക്കു നോക്കി സംസാരിക്കുന്നതിനിടെയാണ് മോദി മോശം പരാമര്‍ശം നടത്തിയത്. ‘സഭാധ്യക്ഷന്‍, താങ്കള്‍ രേണുകാ ജിയോട് ഒന്നും പറയരുത്. രാമയണ സീരിയലിനു ശേഷം ഇത്തരം ഒരു ചിരി ഇപ്പോഴാണ് കേള്‍ക്കുന്നത്’ എന്നായിരുന്നു മോദിയുടെ പരിഹാസം. വനിതകള്‍ അടക്കമുള്ള ബി.ജെ.പി അംഗങ്ങള്‍ ഡെസ്‌കിലടിച്ച് ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മോശം പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍, മോദിയുടെ വാക്കുകളെ പറ്റി ഒന്നും പറയാനില്ലെന്നും വ്യക്തിപരമായി ആക്രമിക്കുന്ന മോദിയുടെ നിലവാരത്തിലേക്ക് തരംതാഴാനില്ലെന്നും രേണുകാ ചൗധരി പ്രതികരിച്ചു.

ആഭ്യന്തര കാര്യ സഹമന്ത്രി കിരണ്‍ റിജിജു, മോദി രേണുകയെ പറ്റി പറഞ്ഞ കാര്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിപ്പിച്ചു. ഇതേ തുടര്‍ന്ന് രേണുക, കിരണ്‍ റിജിജുവിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി.