പ്രതിഷേധങ്ങള്‍ക്കിടയില്‍ കൊല്‍ക്കത്തയിലേക്ക് മോദി: മമത-മോദിയെ കാണുമോ?; റിപ്പോര്‍ട്ട് ഇങ്ങനെ

കൊല്‍ക്കത്ത: പ്രതിഷേധങ്ങള്‍ക്കിടെ പശ്ചിമ ബംഗാളിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് കൊല്‍ക്കത്തയിലെത്തുന്ന മോദിയെ വിമാനത്താവളം വളഞ്ഞ് പ്രതിഷേധിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് പ്രതിഷേധക്കാര്‍. അതേസമയം, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മോദിയുമായി വേദി പങ്കിടുന്ന കാര്യത്തില്‍ തീരുമാനമായെന്നാണ് വിവരം. മമത മോദിയുമായി വേദി പങ്കിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി എത്തുന്നത്. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷിക ആഘോഷത്തിലും മോദി പങ്കെടുക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പരിപാടിക്കെത്തും. രാജ്ഭവനില്‍ പ്രധാനമന്ത്രിയുമയി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ശനിയാഴ്ച്ച രാത്രി രാജ്ഭവനില്‍ ഒരുക്കുന്ന അത്താഴവിരുന്നില്‍ മമത പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ വിരുന്നിന് മമതയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന കാര്യത്തില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു.

അതേസമയം, കൊല്‍ക്കത്തയിലെത്തുന്ന മോദിയെ പ്രതിഷേധക്കാര്‍ തടയാന്‍ നീക്കമെണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 17 ഇടതു പാര്‍ട്ടികള്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ ഗ്രൂപ്പുകളുമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിമാനത്താവള പരിസരത്ത് വെച്ചു തന്നെ പ്രതിഷേധക്കാര്‍ മോദിയുടെ പാത തടയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് വന്‍ സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മോദിയെ കൊല്‍ക്കത്ത തൊടാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ തുടക്കം മുതല്‍ ശക്തമായ എതിര്‍പ്പ് കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് മമത. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മോദിയും മമതയും ഒരുമിച്ച് വേദി പങ്കിട്ടിട്ടുമില്ല.

SHARE