കോണ്‍ഗ്രസ് കെട്ടിപടുത്ത ഇന്ത്യയെ നരേന്ദ്രമോദി നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വളർച്ചയുടെ പാതയിലേക്ക് നയിച്ച ഇന്ത്യയെ നശിപ്പിക്കുയാണ് നരേന്ദ്രമോദി ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാ​ഹുൽ ​ഗാന്ധി. മോദിയുടെ നോട്ട് നിരോധനവും ഗബ്ബര്‍സിംഗ് ടാക്‌സും ഇതിന് ആക്കം കൂട്ടി. ആരെയും ചെവികൊള്ളാത്ത കഴിവുകെട്ട വ്യക്തിയാണ് നരേന്ദ്രമോദി, രാ​ഹുൽ ട്വീറ്റ് ചെയ്തു.

കള്ളപ്പണം ഇല്ലാതാക്കൽ, നികുതി അടയ്കാത്തവരെ പിടിച്ചുകെട്ടുക തുടങ്ങിയ ലക്ഷ്യത്തോടെ നടപ്പാക്കിയ നോട്ടുനിരോധനവും ജി.എസ്.ടിയും പൂര്‍ണ്ണപരാജയമാണെന്നാണ് കണക്കുകളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് രാഹുലിൻെറ ട്വീറ്റ്.

നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിട്ടത്. ഇതോടെ തൊഴില്ലായ്മ വർദ്ധിക്കുകയും സാധാരണക്കാരനുമേൽ നികുതി ഭാരം കൂടുകയും ചെയ്തുവെന്ന് സാമ്പത്തിക വിദഗ്ധനായ ഗൗരവ് ആനന്ദിനെ ഉദ്ധരിച്ച് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം യുപിഎ കാലത്തെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായ നിലപാടെടുത്ത തന്നെ കോണ്‍ഗ്രസ് ടാര്‍ജെറ്റ് ചെയ്യുകായണെന്നാരോപിച്ച് നരേന്ദ്ര മോദി രംഗത്തെത്തി. യുപിഎ സർക്കാർ രാജ്യത്തിന്റെ പ്രതിരോധ സേനയെ ദുര്‍ബലപ്പെടുത്തിയെന്നും എന്‍ഡിഎ രാജ്യ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.