കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വ്യാപക പ്രതിഷേധത്തിനിടെ കൊല്‍ക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതേസമയം, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന സംഘടിപ്പിച്ച റാലി പ്രതിഷേധറാലി ഉദ്ഘാടനം ചെയ്തു.
പൗരത്വ നിയമ ഭേദഗതി (സി.എ.എ) യില്‍ പുനര്‍വിചിന്തനം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്ഭവനില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അവര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെയാണ് മമത പ്രതിഷേധവുമായി രംഗത്തെത്തിയതും.
പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയെ താന്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി മമത മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന് കേന്ദ്രത്തില്‍നിന്ന് കിട്ടാനുള്ള 38,000 കോടി ഉടന്‍ നല്‍കണമെന്നും 15 മിനിറ്റുനീണ്ട കൂടിക്കാഴ്ചയ്ക്കിടെ മമത അഭ്യര്‍ഥിച്ചു. ഔപചാരികതയുടെ പേരിലാണ് കൂടിക്കാഴ്ച നടത്തിയതെന്ന് അവര്‍ വിശദീകരിച്ചു.
‘അദ്ദേഹം എന്റെ അതിഥിയാണ്. അതു കൊണ്ട് ഞാന്‍ ഈ ആവശ്യം ഉന്നയിച്ചത് ഉചിതമാണോ എന്നെനിക്കറിയില്ല. പക്ഷെ സി.എ.എയ്ക്കും എന്‍.ആര്‍.സിക്കും എന്‍.പി.ആറിനും ബംഗാള്‍ ജനത എതിരാണെന്ന് ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. രാജ്യത്തെ രണ്ടു പേര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകാനോ സ്വദേശത്ത് നിന്ന് അവരെ പുറത്താക്കാനോ നാം ആഗ്രഹിക്കുന്നില്ല. എന്‍.ആര്‍.സിയും സി.എ.എയും സര്‍ക്കാര്‍ പുനപരിശോധിക്കണം,’ മമത രാജ്ഭവനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ മമതയോട് ഞാന്‍ കൊല്‍ക്കത്തിയില്‍ എത്തിയത് മറ്റാവശ്യങ്ങള്‍ക്കാണെന്നും, ഈ വിഷയത്തില്‍ ദല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്താം എന്നുമാണ് മോദി പ്രതികരിച്ചിരിക്കുന്നത്.
കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് മോദി പശ്ചിമ ബംഗാളിലെത്തിയത്. രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ മോദി പോര്‍ട്ട് ട്രസ്റ്റിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കും. പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ കനത്ത പ്രക്ഷോഭം നടക്കുന്ന വേളയിലാണ് മോദിയുടെ സന്ദര്‍ശനം.