മഹാമാരിയിലും മോദി സര്‍ക്കാറിന്റെ രാഷ്ട്രീയക്കളി; മെഡിക്കല്‍ ഉപകരണങ്ങള്‍ നേരിട്ടു വാങ്ങരുതെന്ന് ഉത്തരവ്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടയിലും വില കുറഞ്ഞ രാഷ്ട്രീയം കളിച്ച് മോദി സര്‍ക്കാര്‍. സുരക്ഷാ കിറ്റുകള്‍, മാസ്‌കുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വാങ്ങരുത് എന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ആവശ്യമുള്ളവ കേന്ദ്രം സമയാസമയങ്ങളില്‍ നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

ഏപ്രില്‍ രണ്ടിനാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഫെഡറല്‍ സംവിധാനത്തെ തന്നെ വെല്ലുവിളിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് മഹാമാരിയെ ഏതുവിധേയനയും തടയാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം.
പി.പി.ഇ (വ്യക്തിഗത സുരക്ഷാ ഉപകരണം), മാസ്‌ക്, ഗ്ലൗസ്, വെന്റിലേറ്റര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ സ്വന്തം നിലയ്ക്ക് വാങ്ങരുത് എന്ന് സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് അയച്ച ഉത്തരവില്‍ പറയുന്നു. ഇവ ആരോഗ്യമന്ത്രാലയം ആവശ്യമായ സമയങ്ങളില്‍ നേരിട്ടു വിതരണം ചെയ്യും. ചില സംസ്ഥാനങ്ങളില്‍ ഇത്തരം ഉപകരണങ്ങള്‍ ആവശ്യമുള്ളത്ര ഉണ്ടായിട്ടും മെഡിക്കല്‍ ജീവനക്കാര്‍ അത് കിട്ടുന്നില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാര്‍ക്ക് കൃത്യമായി ഉപകരണങ്ങള്‍ വിതരണം ചെയ്യണം- സര്‍ക്കുലറില്‍ പറയുന്നു.

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍

കോവിഡ് പ്രതിരോധത്തില്‍ അധികാര വികേന്ദ്രീകരണം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നില്ല എന്ന വ്യാപകമായ പരാതി നിലനില്‍ക്കെയാണ് കേന്ദ്രം ഇക്കാര്യത്തില്‍ ഇടപെടുന്നത്. ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്കുള്ള വേണ്ടത്ര സുര്ക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് ജോലി ചെയ്യുന്നത് എന്ന ആക്ഷേപവും ശക്തമാണ്.
സര്‍ജിക്കല്‍ മാസ്‌ക്, പി.പി.ഇ കിറ്റ്, വെന്റിലേറ്ററുകള്‍ എന്നിവ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവയുടെ കസ്റ്റംസ് തീരുവ സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു.