രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന് ആഘോഷങ്ങള്‍ ഓണ്‍ലൈനില്‍

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞു. കോവിഡിന്റെ പശ്ചാതലത്തില്‍ ആഘോഷ പരിപാടികള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്.

ഒന്നാം വാര്‍ഷികം പ്രമാണിച്ച് പ്രധാനമന്ത്രി കോവിഡ് സംബന്ധിച്ച് ജനങ്ങള്‍ക്ക് കത്തെഴുതും. കോവിഡിനെതിരായ പോരാട്ടം നീണ്ടുനില്‍ക്കുന്നതാണെന്നും ഇപ്പോഴത്തെ തിരിച്ചടി ദുരന്തങ്ങളിലേക്ക് നയിക്കാന്‍ പാടില്ലെന്നുമാണ് കത്തിലൂടെ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം. സര്‍ക്കാരിന്റെ നേട്ടങ്ങളും കത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

ഒരു കൊല്ലം പൂര്‍ത്തിയാവുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളിയാണ് കോവിഡിനെ പ്രതിരോധിക്കുക എന്നത്. കോവിഡിനെതിരായ പ്രതിരോധ നടപടികളുടെ ഫലം ഭരണത്തില്‍ നിര്‍ണായകമാകും.

ഇതിനകം തന്നെ പ്രതിസന്ധികള്‍ നിറഞ്ഞതാണ് ഈ ഭരണം. ജമ്മുകശ്മീരില്‍ അസാധാരണമായ അവസ്ഥയുണ്ടാക്കി, പൗരത്വനിയഭേദഗതിയും പൗരത്വ രജിസ്റ്ററും വഴി രാജ്യത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍, സാമ്പത്തിക തകര്‍ച്ച ഇതെല്ലാം ഈ സര്‍ക്കാരിന് തലവേദനയാകുന്നതിനിടെയാണ് ഒന്നാം വാര്‍ഷികത്തിന്റെ ഓണ്‍ലൈന്‍ ആഘോഷം.

SHARE