ജാര്‍ഖണ്ഡിലെ പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ പ്രചരണത്തിലുള്ള വയനാട് എം.പി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. മണ്ഡലപര്യടനത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് എത്തുന്ന അദ്ദേഹം നാലു ദിവസം മണ്ഡലത്തിലെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കും.
പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിക്കും. വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റ സുല്‍ത്താന്‍ ബത്തേറിയില്‍ സര്‍വ്വജന എച്ച്.എസ്.എസ് സ്‌കൂളും രാഹുല്‍ സന്ദര്‍ശിക്കും.
വയനാട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. വണ്ടൂരിലെ ജി.എച്ച്.എസ്.എസ് കരുവാരക്കുണ്ടിലെ പുതിയ ബ്ലോക്ക്, കോടഞ്ചേരി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
കോടഞ്ചേരിയിലെ മഹാദേവ ക്ഷേത്രത്തില്‍ മറ്റന്നാള്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം, തിരുവമ്പാടി നിയോജ മണ്ഡലം കണ്‍വെന്‍ഷന്‍ എന്നിവയിലും രാഹുല്‍ പങ്കെടുക്കും. ആറിന് കല്‍പറ്റ നിയോജ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ് അനുസ്മരണ യോഗത്തിലും പങ്കെടുക്കും.

വൈത്തിരി സര്‍ക്കാര്‍ ആശുപത്രിയുടെയും വക്കേരി ഹൈസ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച എംഎസ്ഡിപി ബ്ലോക്കിന്റെയും ഉദ്ഘാടനം അതേ ദിവസം തന്നെ രാഹുല്‍ ഗാന്ധി നടത്തും. ഡിസംബര്‍ 7 ന് കല്‍പറ്റയിലെ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പുതുതായി പരിശീലനം ലഭിച്ച 400 ദുരന്തനിവാരണ സന്നദ്ധ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും സ്വയം സഹായ സംഘത്തിന് വായ്പ വിതരണം ചെയ്യുകയും ചെയ്യും മാനന്തവാടി കര്‍ഷക സേവന സഹകരണ ബാങ്ക്, സുല്‍ത്താന്‍ ബത്തേരിയിലെ അസംപ്ഷന്‍ ഹോസ്പിറ്റലില്‍ സൈക്യാട്രി, ഡിആസക്തി എന്നിവയുടെ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കും ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഡല്‍ഹിക്ക് മടങ്ങും.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ പ്രചാരണം നടത്തുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധാരണക്കാരുടെ വേദന മനസ്സിലാക്കാന്‍ കഴിയില്ലെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍, സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നിവിടങ്ങളിലേത് പോലെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് പ്രഖ്യാപിച്ചു. സിംദേഗ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

അതിനിടെ, ജാര്‍ഖണ്ഡിലെ ബി.ജെ. പി നേതാവും വക്താവുമായ പ്രവീണ്‍ പ്രഭാകര്‍ പാര്‍ട്ടി വിട്ട് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നതും ബിജെപിക്ക് തിരിച്ചടിയായി.