രാജ്യത്തെ തൊഴില്‍ മേഖലയില്‍ ആശങ്ക വിതച്ച് നരേന്ദ്ര മോദി സര്‍ക്കാറിന്റെ തൊഴില്‍ നിയമ ഭേദഗതി

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ മേഖലയില്‍ ആശങ്ക വിതച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ഒാര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. എല്ലാ തൊഴില്‍ മേഖലയിലും നിശ്ചിത കാലത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് നിയമ ഭേദഗതി. ബി.ജെ.പി തൊഴിലാളി സംഘടനയായ ബി.എം.എസ് ഉള്‍പ്പെടെയുള്ളവയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് മോദി സര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് പ്രീണന നീക്കം.

നിയമ ഭേദഗതിയോടെ തൊഴില്‍ മേഖലയിലെ ജോലി സുരക്ഷ പൂര്‍ണമായി ഇല്ലാതാകും. ജോലി സുരക്ഷക്കു പകരം ജോലി സാധ്യത സൃഷ്ടിക്കുന്നതിനാണ് നയം മാറ്റമെന്നാണ് വിശദീകരണം. തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാക്കുന്നതോടെ വ്യവസായ സൗഹൃദ അന്തരീക്ഷം രൂപപ്പെടുമെന്നും ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ റാങ്കിങില്‍ നില മെച്ചപ്പെടുത്താന്‍ കഴിയുമെന്നും കേന്ദ്രം കണക്കു കൂട്ടുന്നു. പാര്‍ലമെന്റില്‍ വെക്കുകയോ പാര്‍ലമെന്ററി സമിതിയുടെ പരിഗണനക്ക് വിടുകയോ ചെയ്യാതെയാണ് മാര്‍ച്ച് 16ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്. ബി.ജെ.പി അംഗങ്ങള്‍ തന്നെ നേരത്തെ ബില്ലിനെതിരെ രംഗത്തു വന്നിരുന്നു. ഇതാണ് പാര്‍ലമെന്റിനെ മറികടന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.

നേരത്തെ തന്നെ കരാറിന്റെ കാലാവധി പറയുന്നതിനാല്‍ ഈ കാലയളവ് കഴിഞ്ഞാല്‍ സ്വമേധയാ ഇയാള്‍ തൊഴിലില്‍ നിന്നും പുറത്താവും. നേരത്തെ 2003ല്‍ വാജ്‌പേയിയുടെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ കരാര്‍ വ്യവസ്ഥ കൊണ്ടു വന്നിരുന്നെങ്കിലും പിന്നീട് വന്ന യു.പി.എ സര്‍ക്കാര്‍ വിവാദ ഭേദഗതി പിന്‍വലിക്കുകയായിരുന്നു. കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് തൊഴില്‍ശാലകളില്‍ തൊഴിലുടമകള്‍ക്ക് നിശ്ചിത കാലത്തേക്ക് തൊഴിലാളികളെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാം. മൂന്ന് മാസം തുടര്‍ച്ചയായി ജോലി ചെയ്ത തൊഴിലാളിയെ രണ്ടാഴ്ച മുമ്പ് മാത്രം നോട്ടീസ് നല്‍കി പിരിച്ചുവിടാനാകും. രണ്ട് മാസത്തില്‍ താഴെ മാത്രം ജോലി ചെയ്ത ആളാണെങ്കില്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടാമെന്നും വിജ്ഞാപനം പറയുന്നു. കരാര്‍ പുതുക്കാത്ത സാഹചര്യത്തില്‍ നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ തൊഴിലാളിക്ക് നോട്ടീസ് നല്‍കുകയോ, വേതനം നല്‍കുകയോ വേണ്ട.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന മോദി സര്‍ക്കാറിന് മുന്നില്‍ തൊഴിലില്ലായ്മ പ്രധാന വെല്ലുവിളി തീര്‍ക്കുന്ന ഘട്ടത്തിലാണ് തൊഴില്‍ നിയമം പൊളിച്ചെഴുതി തൊഴിലുടമകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നത്. കരാര്‍ നിയമം 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ ടെക്‌സറ്റൈല്‍, വസ്ത്ര നിര്‍മാണ രംഗത്ത് കൊണ്ടുവന്നിരുന്നു. 1946ലെ വ്യവസായ തൊഴില്‍ (സ്റ്റാന്റിങ് ഓര്‍ഡര്‍) നിയമം ഭേദഗതി ചെയ്തു കൊണ്ടുവന്ന നിയമമനുസരിച്ച് ടെക്‌സ്റ്റൈല്‍, അപ്പാരല്‍ നിര്‍മാണ മേഖലയില്‍ സ്ഥിരം നിയമനം ഇല്ലാതാക്കുകയും, നിശ്ചിത കാലത്തേക്കു മാത്രമായി തൊഴില്‍ നിജപ്പെടുത്തുകയുമായിരുന്നു. ഈ ഭേദഗതിയാണ് എല്ലാ മേഖലകളിലേക്കും നീട്ടാന്‍ പുതിയ ഓര്‍ഡിനന്‍സിലൂടെ കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സ്ഥിരം തൊഴിലാളികളെ കരാര്‍ തൊഴിലാളികളാക്കി മാറ്റില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതും ഭേദഗതി ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

രാജ്യാന്തര തൊഴില്‍ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനമാണ്. ഇത് 15-24 വയസുവരെയുള്ളവരില്‍ 10.7 ശതമാനമാണ്. അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണപക്ഷ തൊഴിലാളി സംഘടനയായ ബി.എം.എസ് തന്നെ രംഗത്തെത്തി. എല്ലാ മേഖലകളിലേക്കും കരാര്‍ തൊഴില്‍ നിയമപരമാക്കുന്നഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ബി.എം.എസ് അധ്യക്ഷന്‍ സജി നാരായണന്‍ ആവശ്യപ്പെട്ടു.

SHARE