ഇന്ത്യയില്‍ വിദ്വേഷം വളര്‍ത്തി ബഹുസ്വരത തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഭരണകൂടം: രാഹുല്‍ഗാന്ധി

നസീര്‍ പാണക്കാട്
മനാമ

മതേതര ഇന്ത്യ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രയത്‌നിക്കുന്നതിനു പകരം വിദ്വേഷം വളര്‍ത്തി ബഹുസ്വരതയെ തകര്‍ക്കാനാണ് ഭരണകൂടം തന്നെ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗള്‍ഫ് ഹോട്ടലിലെ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗൈനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ഒരു ശ്രമവും നടക്കുന്നില്ല. തൊഴിലില്ലായ്മ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ അതിദയനീയ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. തൊഴിലവസരമുണ്ടാക്കാനുള്ള യാതൊരു ശ്രമവും ഉണ്ടാവുന്നില്ല. ഇന്ത്യ മുഖ്യപ്രതിയോഗിയായി കാണുന്ന ചൈനയില്‍ 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. അതേസമയ പരിധിക്കുള്ളില്‍ 400 തൊഴിലവസരങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ വരുന്നത്. ഇത് വലിയൊരു വിടവാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ രണ്ടു ദിനങ്ങള്‍ കൊണ്ട് ചൈന ചെയ്യുന്നത് നമ്മുടെ ഇന്ത്യ ഒരു വര്‍ഷം കൊണ്ട് ചെയ്യുന്നു. ഇത് തന്റെ ആരോപണമല്ലെന്നും പാര്‍ലമെന്റില്‍ മന്ത്രി അവതരിപ്പിച്ച കണക്കാണെന്നും സര്‍ക്കാര്‍ രേഖകള്‍ ഉദ്ധരിച്ച് രാഹുല്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ പുതിയ നിക്ഷേപങ്ങള്‍ വരുന്നതില്‍ 13 വര്‍ഷം പിന്നിലാണ്. ബാങ്കിംഗ് നിക്ഷേപ വളര്‍ച്ച 63 വര്‍ഷങ്ങളാണ് പിറകോട്ട് പോയത്. നോട്ടുനിരോധം കൊണ്ട് ഇന്ത്യക്കാര്‍ക്ക് മാത്രമല്ല പ്രവാസികള്‍ക്ക് പോലും അവരുടെ ഇടപാടുകളില്‍ സംഭവിച്ചത് വന്‍ നഷ്ടമാണ്. ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇവിടെ ഭാവിയില്‍ എന്താണ് ചെയ്യാനുള്ളത് എന്ന ലളിതമായ ചോദ്യം യുവാക്കള്‍ ചോദിക്കുമ്പോള്‍ മറുപടിയില്ല. തെരുവുകളിലും ഗ്രാമങ്ങളിലും ഈ ചോദ്യമുയര്‍ന്നുകൊണ്ടിരിക്കുന്നു. സമൂഹ മാധ്യമങ്ങള്‍ അതേറ്റെടുത്തുവരുന്നു.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും തൊഴില്‍ സൃഷ്ടിക്കാനും പൊതുജനാരോഗ്യത്തിനും ആഗോള നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാവാനും ഒരു കര്‍മ്മപദ്ധതി മുന്നോട്ടുവെക്കാനില്ലാത്ത രാജ്യമായി നമ്മുടെ ഇന്ത്യ പിന്നാക്കം പോയി. വിദ്വേഷവും വിഭജനവും ഉയര്‍ത്തി എല്ലാവരിലും ഭീതി ഉത്പാദിപ്പിക്കുന്നു. ആര് എന്ത് കഴിക്കണം, ആര് ഏതു രൂപത്തില്‍ സമരം ചെയ്യണം, നാമെന്ത് പറയണം എന്നൊക്കെ ചിലര്‍ തീരുമാനിക്കാന്‍ ശ്രമിക്കുകയാണ്.

അനീതികളെ ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. മതവിശ്വാസത്തിന്റെ പേരില്‍ അറുംകൊലയ്ക്ക് വിധേയമാകുന്നവര്‍ മറ്റൊരു ഭാഗത്തുണ്ട്. ദളിതുകള്‍, ഹിന്ദു തീവ്രവാദികളാല്‍ വേട്ടയാടപ്പെടുന്നു. സംശയാസ്പദമായ കൊലപാതകക്കേസുകള്‍ കൂടുന്നു. ഇത്തരം ആക്രമപരമ്പരകളുണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇന്ത്യയെ പ്രാകൃത കാലത്തേക്ക് കൊണ്ടുപോവാനുള്ള ബോധപൂര്‍വമായ ശ്രമം അരങ്ങേറുമ്പോള്‍ നമുക്ക് മൗനികളായിരുന്നുകൂടാ. ലോകത്ത് തന്നെ ശ്രദ്ധേയമായ അഹിംസയുടെ കേന്ദ്രം എന്ന നിലയില്‍ ഇന്ത്യയെ നമുക്ക് തിരിച്ചുകൊണ്ടുവരാനാവണം. എല്ലാവരും ഇന്ത്യയുടെ കരുത്ത് തിരിച്ചറിയണം. നമ്മുടെ സ്‌നേഹ സംവാദങ്ങള്‍ സജീവമാവണം- രാഹുല്‍ ആഹ്വാനം ചെയ്തു.

SHARE