ന്യൂഡല്‍ഹി: കോവിഡിനൊപ്പം രാജ്യത്ത് ഇന്ധന വിലയും വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കോവിഡ് 19 ഉം പെട്രോള്‍- ഡീസല്‍ വിലവര്‍ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെയും പെട്രോള്‍-ഡീസല്‍ വിലയിലെ കുതിപ്പും തുറന്നുകാണിക്കുന്ന ഗ്രാഫ് പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
മോദിയുടെ ലോക്ക്ഡൗണ്‍ പൂര്‍ണ്ണ പരാജയമാണെന്ന് വ്യക്തമാക്കി രാജ്യത്തെ കോവിഡ് 19 കേസുകള്‍ അഞ്ച് ലക്ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ഇരട്ട പ്രഹരം. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇന്ധന വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്താധ്യമാണ് ഡീസല്‍ വില പെട്രോള്‍ വിലയെ മറികടക്കുന്ന സാഹചര്യവുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
Read More: പെട്രോളിനെ മറികടന്ന് ഡീസല്‍ വില; ഡല്‍ഹിയില്‍ 80 രൂപയിലേക്ക്- പ്രതിഷേധം ശക്തമാവുന്നു
രാജ്യത്ത് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്നേ മുന്നറിയിപ്പുമായി എത്തിയിരുന്ന രാഹുല്‍ ഗാന്ധി, മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ മടിച്ച പ്രതിരോധ നടപടികള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. മോദി ഭരണത്തില്‍ സാമ്പത്തികമായി തകര്‍ന്നിരിക്കുന്നിടത്ത് പ്രഹരിക്കുന്ന സുനാമിയാണ് കോവിഡെന്നായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. അതേസമയം ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലും മോദി സര്‍ക്കാരിനെതിരെ രാഹുല്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നു. ചൈനയുടെ കടന്നുകയറ്റത്തെ സംബന്ധിച്ച് രാഹുല്‍ മെയ് മാസത്തില്‍ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.