ഇലക്ടറല്‍ ബോണ്ടിലും മോദി സര്‍ക്കാറിന്റെ വഞ്ചന; രേഖകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകന്‍

മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടുകളുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും പാര്‍ലമെന്റിനെയും വഞ്ചിച്ചിട്ടുണ്ടെന്ന രേഖകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകന്‍. വിവരാവകാശ പ്രവര്‍ത്തകനായ ലോകേഷ് ബത്രയ്ക്കു ലഭിച്ച രേഖകളാണ് നിതിന്‍ സേഥി എന്ന മാധ്യമപ്രവര്‍ത്തകന്‍ പുറത്തുവിട്ടിരിക്കുന്നത്. ഹഫിങ്ടണ്‍ പോസ്റ്റിലൂടെയാണ് മാധ്യമപ്രവര്‍ത്തകന്‍ നിര്‍ണായക തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ ലംഘിക്കുന്നതിനുപരി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വരുന്നത്. ഇതോടെ ബോണ്ട് കൈവശമുള്ളവരുടെ വിവരങ്ങള്‍ അറിയില്ലെന്ന സര്‍ക്കാര്‍ വാദവും പൊളിഞ്ഞു.
2018 നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിയമവിരുദ്ധമായ രീതിയില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വില്‍ക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതായും രേഖകള്‍ പറയുന്നു.

ഇതുവരെ രാജ്യത്തു വിറ്റത് ആറായിരം കോടിയിലധികം രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്. ഇതില്‍ ആദ്യഘട്ടം നടന്ന 222 കോടി രൂപയില്‍ 95 ശതമാനവും ബി.ജെ.പിക്കാണു ലഭിച്ചത്.