പൗരത്വ നിയമത്തിനെതിരെ നിലപാട് കടുപ്പിച്ച് ഘടക കക്ഷികള്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്നതാണെന്ന നിലപാടിനെ പിന്തുണച്ച് എന്‍.ഡി.എയിലെ കൂടുതല്‍ ഘടക കക്ഷികള്‍ രംഗത്ത് വന്നതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയില്‍. നിയമത്തിന്റെ പരിധിയില്‍ മുസ്‌ലിംകളെ കൂടി ഉള്‍പ്പെടുത്തണമെന്ന നിലപാട് കടുപ്പിച്ച് ശിരോമണി അകാലിദള്‍ രംഗത്തെത്തി. പൗരത്വ നിയമം വലിയ തോതിലുള്ള നാശനഷ്ടം സൃഷ്ടിച്ചതായി അകാലിദള്‍ നേതാവും രാജ്യസഭാ എം.പിയുമായ നരേഷ് ഗുജറാള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ പൗരത്വ നിയമത്തെ പിന്തുണച്ചെന്നു കരുതി എന്‍ആര്‍സിയെ (ദേശീയ പൗരത്വ റജിസ്റ്റര്‍) പിന്തുണയ്ക്കുമെന്ന് അര്‍ഥമില്ലെന്നു പാര്‍ട്ടി പറഞ്ഞതിനു പിന്നാലെയാണു നരേഷിന്റെ വാക്കുകള്‍. ‘നിയമം വലിയ തോതില്‍ നാശനഷ്ടം സൃഷ്ടിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ വിശ്വാസം നഷ്ടപ്പെടുത്തി. സമൂഹത്തിലാകെ അസ്വസ്ഥത പരന്നു. ഈ പശ്ചാത്തലത്തിലാണു സുഖ്ബീര്‍ സിങ് ബാദല്‍, സിഎഎ നിയമത്തില്‍ പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെട്ടത്. വിവിധ മതങ്ങളും ഭാഷകളും ഉള്‍ക്കൊള്ളുന്ന സമൂഹമാണ് നമ്മുടേത്. വൈവിധ്യമാണ് നമ്മുടെ കരുത്ത്.

ഇന്ത്യ മതേതര രാഷ്ട്രമാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ പുറത്താക്കപ്പെടുമെന്ന തോന്നല്‍ ഉണ്ടാകരുതെന്നാണു ഞങ്ങളുടെ ആഗ്രഹം. ന്യൂനപക്ഷങ്ങളെ സുരക്ഷിതരാക്കുന്ന നിയമമോ ഓര്‍ഡിനന്‍സോ കൊണ്ടുവരണം. നിങ്ങളെയും എന്നെയും പോലെ ഇന്ത്യക്കാരാണ് അവരും. അവര്‍ക്കെതിരായ നീക്കങ്ങളുണ്ടായാല്‍ അഭിമുഖീകരിക്കണം. രാഷ്ട്രീയത്തില്‍, മുന്നണി സംവിധാനത്തില്‍ സഖ്യകക്ഷിക്കെതിരെ മറ്റൊരു പാര്‍ട്ടി സമ്മര്‍ദം ചെലുത്തുമ്പോള്‍ ചെറിയ തോതിലെങ്കിലും മാറ്റമുണ്ടാകാം.

ബി.ജെ.പിക്കു വലിയ ഭൂരിപക്ഷം ഉള്ളതിനാല്‍ മറ്റുള്ളവരെ ആശ്രയിക്കാതെ മുന്നോട്ടു പോകാനാകും. എങ്കിലും സഖ്യകക്ഷി എന്ന നിലയില്‍ ഞങ്ങള്‍ ഭിന്നാഭിപ്രായം പറഞ്ഞു സമ്മര്‍ദം ചെലുത്തുന്നതില്‍ കാര്യമുണ്ടാകുമെന്നാണു പ്രതീക്ഷ. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ ആശയപൂര്‍ത്തീകരണം നടത്താന്‍ അവകാശമുണ്ട്. എന്നാല്‍ അതൊരിക്കലും രാജ്യതാല്‍പര്യത്തിന് എതിരാകരുത്. വോട്ട് ചെയ്യാത്തവരെക്കൂടി ഉള്‍പ്പെടുത്തിയുള്ള തീരുമാനങ്ങളാണ് നമ്മള്‍ എടുക്കേണ്ടത് എന്നു മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞതിനോടു യോജിക്കുന്നു’– നരേഷ് ഗുജ്‌റാള്‍ പറഞ്ഞു.

നിയമ ഭേദഗതിയെ പാര്‍ലമെന്റില്‍ പിന്തുണച്ച ഘടകകക്ഷികള്‍, വരാനിരിക്കുന്ന എന്‍.ആര്‍.സി ചൂണ്ടിക്കാട്ടിയാണു നിലപാട് കടുപ്പിക്കുന്നത്. ആശയക്കുഴപ്പം പരിഹരിക്കാന്‍ ഉടന്‍ എന്‍ഡിഎ യോഗം വിളിക്കണമെന്ന്, സഖ്യത്തില്‍ ബിജെപി കഴിഞ്ഞാല്‍ ഏറ്റവും വലിയ ഘടകകക്ഷിയായ ജെഡിയു ആവശ്യപ്പെട്ടിരുന്നു. ജെ.ഡി.യു– ബി.ജെ.പി സഖ്യം ഭരിക്കുന്ന ബിഹാറില്‍ പൗര റജിസ്റ്റര്‍ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഘടകകക്ഷികളും എന്‍.ആര്‍.സിക്കെതിരെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

SHARE